അച്ചടക്കലംഘനം: എം.എസ്​.എഫ്​ സംസ്​ഥാന മുൻ വൈസ് പ്രസിഡന്‍റ്​ പി.പി. ഷൈജലിനെ ലീഗിൽ നിന്ന്​ പുറത്താക്കി

കൽപ്പറ്റ: എം.എസ്​.എഫ്​ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും മുസ്​ലിം ലീഗ്​ വയനാട്​ ജില്ല പ്രവർത്തക സമിതി അംഗവുമായിരുന്ന​ പി.പി. ഷൈജലിനെ പാർട്ടിയിൽനിന്ന്​ പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

മുസ്​ലിം ലീഗ്​ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. നേരത്തെ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പദവിയിൽനിന്ന് നീക്കിയിരുന്നു. കഴിഞ്ഞ ദിവസം മുസ്​ലിം ലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ഷൈജൽ ഗുരുതര ആരോണങ്ങളുന്നയിച്ചിരുന്നു. ലീഗ് ജില്ലാ ഓഫിസിൽ ഇരുവിഭാഗം ഏറ്റുമുട്ടിയതും വാർത്തയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപറ്റയിൽ മത്സരിച്ച യു.ഡി.എഫ്​ സ്ഥാനാർഥി അഡ്വ. ടി. സിദ്ദീഖിനെ തോൽപ്പിക്കാൻ വയനാട്​ മുസ്​ലിം ലീഗിലെ ഒരുവിഭാഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ്​ നേതാവും ഗൂഢാലോചന നടത്തിയെന്നാണ്​ ഷൈജൽ ആരോപിച്ചത്​. സിദ്ദീഖി​ൻെറ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ സജീവമാകാതിരിക്കാൻ തനിക്ക്​ 50,000 രൂപ ലീഗ്​ ജില്ല കമ്മിറ്റി ഭാരവാഹി വാഗ്​ദാനം ചെയ്​തിരുന്നുവെന്നും ഇവർക്ക്​ ജില്ലയിലെ മുതിർന്ന കോൺഗ്രസ്​ നേതാവി​ൻെറ പിന്തുണ ഉണ്ടായിരുന്നുവെന്നും ഷൈജൽ ആരോപിച്ചു.

ജില്ലക്ക്​ പുറത്തുനിന്നുള്ളയാളെ വയനാട്ടിലെ ആകെയുള്ള ജനറൽ സീറ്റിൽ സ്ഥാനാർഥിയാക്കിയ​പ്പോൾ കോൺഗ്രസിൽ അന്ന്​ ശക്​തമായ എതിർപ്പുയർന്നിരുന്നു. തുടർച്ചയായി കൽപ്പറ്റ മണ്ഡലത്തിൽ കോൺഗ്രസ്​ സ്ഥാനാർഥി പരാജയപ്പെട്ടാൽ, അടുത്ത തവണ യു.ഡി.എഫിൽ സീറ്റ്​ ലീഗിന്​ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം സിദ്ദീഖിനെതിരെ പ്രവർത്തി​ച്ചതെന്നുമായിരുന്നു​ ഷൈജലിന്‍റെ ആരോപണം.

Tags:    
News Summary - Former MSF state president P.P. Shijal was expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.