കൽപറ്റ: നാലംഗ കുടുംബം വയനാട് വെണ്ണിയോട് പുഴയിൽ ചാടിയതായി സംശയം. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഗൃഹനാഥെൻറ മൃതദേഹം കണ്ടെത്തി. ചുണ്ടേൽ ആനപ്പാറ കല്ലിരിട്ടുപ്പറമ്പിൽ നാരായണൻകുട്ടിയുടെ (45) മൃതദേഹമാണ് കണ്ടെടുത്തത്. ഭാര്യ ശ്രീജ (37), മക്കളായ സൂര്യ (11), സായൂജ് (ഒമ്പത്) എന്നിവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം.
രാവിലെ 8.15ഓടെ പുഴക്കരയിലെത്തിയ പ്രദേശവാസി കടവിനു സമീപം നാലു ജോടി ചെരിപ്പുകളും ബാഗും കുടയും കണ്ടതാണ് സംശയത്തിനിടയാക്കിയത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. പിന്നാലെ കൽപറ്റ അഗ്നിശമന സേനയും സ്ഥലത്തെത്തി. കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുനിന്ന് കിട്ടിയ ബാഗ് പരിശോധിച്ചപ്പോൾ നാരായണൻകുട്ടിയുടെ ആധാർ കാർഡും ഭാര്യയുടെയും മക്കളുടെയും ഫോട്ടോയും കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച ഉച്ചയോടെ കുടുംബം ആനപ്പാറയിലെ വീട്ടിൽനിന്ന് പോയതായി വിവരം ലഭിച്ചു.
തുടർന്നാണ് പുഴയിൽ തിരച്ചിൽ ഉൗർജിതമാക്കിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 1.15ഓടെ നാരായണൻകുട്ടിയുടെ മൃതദേഹം ലഭിച്ചു. തുടർന്നാണ് കുടുംബമൊന്നാകെ പുഴയിൽ ചാടിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
സൂര്യ ചുണ്ടേൽ ആർ.സി.എച്ച്.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും സായൂജ് ചുണ്ടേൽ ആർ.സി എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി, എ.ഡി.എമ്മിെൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഇ.പി. മേഴ്സി, വൈത്തിരി തഹസിൽദാർ അബ്ദുൽ ഹാരിസ് എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി. കൽപറ്റ ഡിവൈ.എസ്.പിക്ക് പുറമെ അഞ്ചു സ്റ്റേഷനുകളിലെ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ട്. തുർക്കി ജീവൻ രക്ഷാസമിതിയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.