പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികൾകൂടി അറസ്റ്റിൽ. കൊട്ടേക്കാട് കുന്നംകാട് സ്വദേശികളായ വിഷ്ണു (22), സുനീഷ് (23), ശിവരാജൻ (33), സതീഷ് (31) എന്നിവരെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പ്രതികളെ വരുംദിവസം കോടതിയിൽ ഹാജരാക്കും. കൃത്യം നടക്കുമ്പോൾ ഇവർ സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖ്യപ്രതികളടക്കം നാലുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളും ഒന്നാം പ്രതിയുമായ കൊട്ടേക്കാട് കാളിപ്പാറ നയന ഹൗസിൽ നവീൻ (38), കൊട്ടേക്കാട് കുന്നംകാട് സ്വദേശികളുമായ അനീഷ് (29), ശബരീഷ് (28), സുജീഷ് (28) എന്നിവരുടെ അറസ്റ്റാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പാലക്കാട് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കൊലക്ക് പിന്നിലെ ഗൂഢാലോചനയടക്കം വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. പ്രതികൾക്ക് ആയുധം നൽകിയ കോഴിക്കട ഉടമയടക്കം മൂന്ന് പേർകൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.
ബുധനാഴ്ച മനഃപൂർവമായ നരഹത്യയും കുറ്റകരമായ സംഘംചേരലുമടക്കം കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത് അന്വേഷണസംഘം എഫ്.ഐ.ആർ വിപുലീകരിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.