അടിമാലി: കാട്ടാന ആക്രമണത്തിൽ ഹൈറേഞ്ചിൽ വീണ്ടും മനുഷ്യരക്തം വീണിരിക്കുന്നു. രാത്രിയുടെ ഇരുളിൽ ആനക്കലിയിൽ പിടഞ്ഞുവീണത് ഓട്ടോ ഡ്രൈവറായ സുരേഷ് കുമാർ എന്ന മണിയുടെ ജീവനാണ്. തിങ്കളാഴ്ച രാത്രി പത്തോടെ മൂന്നാറിൽനിന്ന് കന്നിമലയിലേക്കുള്ള യാത്രക്കിടെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്.
ആന കുത്തിമറിച്ചിട്ട ഓട്ടോയിൽനിന്ന് പുറത്തേക്ക് വീണ സുരേഷിനെ തുമ്പിക്കൈകൊണ്ട് മൂന്നുവട്ടം ചുഴറ്റിയെറിഞ്ഞതായാണ് ഓട്ടോ യാത്രക്കാരിയായിരുന്ന റജീന പറഞ്ഞത്. റജീനക്കും ഭർത്താവ് എസക്കി രാജക്കും പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന മകൾ പ്രിയയും മറ്റ് രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഒരു മാസത്തിനിടെ തോട്ടം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് സുരേഷ് കുമാർ. അടിക്കടി ആനക്കൊല നടക്കുമ്പോഴും നടപടിയെടുക്കാത്ത വനം വകുപ്പ് അധികൃതർക്കുനേർക്ക് രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്.
പടയപ്പ, ചുള്ളിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ തുടങ്ങി പല പേരുകളിൽ പത്തിലേറെ കൊമ്പനാനകളാണ് തോട്ടം മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്നത്. ഏറെ വിനാശികാരിയായിരുന്ന അരിക്കൊമ്പനെ നാടുകടത്തിയതുപോലെ കൊലയാളി ആനകളെയും പിടികൂടി നാട് കടത്തണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.
മൂന്നാർ, മാട്ടുപ്പെട്ടി, കുണ്ടള, ചിന്നക്കനാൽ, ബിയൽറാം, 301 കോളനി, കണ്ണൻ ദേവൻ കമ്പനിയുടെ കീഴിലെ വിവിധ എസ്റ്റേറ്റുകൾ, പൂപ്പാറ എന്നിവിടങ്ങളിലാണ് കാട്ടാനകൾ കൊലവിളിയുമായി ജനവാസ മേഖലയിൽ ചുറ്റിത്തിരിയുന്നത്. ചിന്നക്കനാലിൽ വനം വകുപ്പ് വാച്ചർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം നിരവധി ആക്രമണം ഉണ്ടായിട്ടും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വനാതിർത്തിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വൈദ്യുതി വേലികളും ഉരുക്കുവടവും കിടങ്ങും എല്ലാം തന്നെ നാശത്തിലാണ്. വേനൽ കടുത്തതോടെ വനത്തിൽ ഭക്ഷണവും കുടിവെള്ളവും കിട്ടാതായതാണ് ഇവ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണം.
നേരത്തേ വനത്തിൽ നീർച്ചാലുകൾ തടഞ്ഞ് തടയണയും ജലലഭ്യതയുള്ള പ്രദേശങ്ങളിൽ കുളങ്ങളും വനപാലകർ നിർമിക്കുമായിരുന്നു. എന്നാൽ, അഴിമതിയും ധൂർത്തും കാരണം ഇത്തരം പ്രവൃത്തികൾ രേഖയിൽ ഒതുങ്ങി. വാളറയിൽ വനം വകുപ്പ് ജീവനക്കാർ ഫയർ വാച്ചർമാരെ നിയമിച്ചതായി രേഖയുണ്ടാക്കി ആയിരങ്ങൾ വെട്ടിച്ചെടുത്തിരുന്നു.
സംഭവത്തിൽ നാല് വനം വകുപ്പ് ജീവനക്കാർ സസ്പെൻഷനിലാണ്. ഇത്തരം സംഭവങ്ങൾ ഇപ്പോഴും ആവർത്തിക്കപ്പെടുന്നതാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പീരുമേട്: കാട്ടാന ശല്യം പീരുമേട്ടുകാർക്ക് ഇപ്പോൾ പതിവ് ശീലങ്ങളിൽ ഒന്നായി മാറി. പാമ്പനാർ, കല്ലാർ, അഴുതയാർ, പുതുവയൽ, പ്ലാക്കത്തടം കോളനി എന്നിവിടങ്ങിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി കാട്ടാനകൾ നാശം വിതക്കുന്നു. പീരുമേട് തോട്ടാപ്പുര മേഖലയിൽ രണ്ട് വർഷങ്ങളിലും അഴുത എൽ.പി സ്കൂൾ ഭാഗം, അമ്പലംഭാഗം, കച്ചേരിക്കുന്ന്, സർക്കാർ അതിഥി മന്ദിരം, ട്രഷറി ഓഫിസ് പരിസരം തുടങ്ങിയ മേഖഖലകളിൽ കഴിഞ്ഞ ഒരു വർഷമായും ആനശല്യം രൂക്ഷമാണ്.
രാത്രിയെത്തുന്ന ആനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയവ ചവിട്ടി നശിപ്പിക്കുന്നു. വാഴത്തോട്ടങ്ങളിൽ ആന പതിവായി എത്തുന്നതിനാൽ കർഷകർ ഇവവെട്ടി നീക്കം ചെയ്യുകയാണ്. ചിലർ കൃഷി തന്നെ അവസാനിപ്പിച്ചിരിക്കുന്നു.
പീരുമേട്ടിലും പ്ലാക്കത്തടത്തിലും 52ൽപരം കുടുംബങ്ങൾക്ക് ആനക്കൂട്ടം നിരന്തര ഭീഷണിയാണ്. വീടുകൾക്ക് സമീപം ആനകൾ എത്തുന്നതിനാൽ രാത്രി പുറത്തിറങ്ങാനും ഭയക്കുന്നു. സന്ധ്യക്ക് ശേഷം ഉൾനാടൻ വഴികളിലൂടെ സഞ്ചരിക്കാനും ആളുകൾ പേടിക്കുന്നു. സന്ധ്യക്കുശേഷം ജങ്ഷനും വിജനമാണ്. കാട്ടാനക്കൊപ്പം കടുവ, പുലി, കരടി എന്നിവയുടെ സാന്നിധ്യവും പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുന്നു.
ജനവാസ മേഖലയിൽനിന്ന് ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയ ശേഷം വനാതിർത്തിയിൽ ട്രഞ്ചുകളും ഹാങ്ങിങ് വൈദ്യുതി വേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആനകൾ നാട്ടിലെത്തുമ്പോൾ തുരത്താൻ പീരുമേട്ടിൽ എരുമേലി റേഞ്ചിന്റെ റാപിഡ് റെസ്ക്യൂ ടീമിന്റെ (ആർ.ആർ.ടി) പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യവും നടപ്പായില്ല. ആർ.ആർ.ടിയെ നിയമിക്കുമെന്ന് ഏപ്രിലിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ കുട്ടിക്കാനത്ത് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
മൂന്നാർ: ഓട്ടോ ഡ്രൈവറെ കാട്ടാന കൊന്നതിനു പിന്നാലെ ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. മൂന്നാർ കോളനിയിൽ ചൊവ്വാഴ്ച രാവിലെ അഞ്ച് ആനകളാണ് ഇറങ്ങി ഭീതിവിതച്ചത്. നാട്ടുകാർ ബഹളംവെച്ച് തുരത്താൻ നോക്കിയിട്ടും കുലുക്കമില്ലാതെ ആനകൾ തമ്പടിച്ചിരിക്കുകയാണ്. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന മൂന്നാർ കോളനിയിൽ തിങ്കളാഴ്ചയും കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നു. വനംവകുപ്പ് വാച്ചർമാരെത്തിയാണ് ആനകളെ തുരത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.