പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ (35) ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് ചൊവ്വാഴ്ച നാലു വർഷം പൂർത്തിയാകുന്നു. കടയിൽനിന്ന് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ പിടികൂടി കൈകൾ കെട്ടിയിട്ട് മർദിച്ചത്.
തുടർന്ന് പൊലീസിന് കൈമാറിയ മധുവിനെ അഗളി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അട്ടപ്പാടി കടുകുമണ്ണ മല്ലന്റെ മകനാണ് മധു. 2018 ഫെബ്രുവരി 22ന് മുക്കാലിക്ക് സമീപമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കേസിൽ 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ അനന്തമായി വൈകി.
കേസിൽ 16 പ്രതികളാണുള്ളത്. മുക്കാലി സ്വദേശികളായ ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാണ് പ്രതികൾ. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്.
നാലു വർഷമായിട്ടും കേസിൽ വിചാരണ പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈകോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്. കേസ് നടത്തിപ്പിൽ സർക്കാർ ഗുരുതര അലംഭാവം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ നടന്നുവരുന്ന കേസിൽ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വർഷങ്ങളെടുത്തു. ആദ്യം നിയമിച്ച പ്രോസിക്യൂട്ടർ ആവശ്യമായ സൗകര്യം ഏർപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ചുമതല ഒഴിഞ്ഞു. രണ്ട് വർഷം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച രണ്ടാമത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ടി. രഘുനാഥ് ആരോഗ്യകാരണം ചൂണ്ടിക്കാട്ടി ഒഴിയാൻ താൽപര്യമറിയിച്ചു.
രണ്ട് തവണ മാത്രമാണ് ഇദ്ദേഹം കോടതിയിൽ ഹാജരായത്. പകരം നിയമനമില്ലാത്തതിനാൽ വിചാരണ വീണ്ടും പ്രതിസന്ധിയിലായി. കേസ് കഴിഞ്ഞ മാസം പരിഗണനക്ക് എടുത്തപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദ്യമുന്നയിച്ചത് വലിയ ചർച്ചയായി.
ഈ മാസം 15ന് പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. രാജേന്ദ്രനേയും പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം. മേനോനെയും നിയമിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ 18ന് കേസ് പരിഗണിച്ച കോടതി പ്രോസിക്യൂട്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെതുടർന്ന് കേസ് 25ലേക്ക് മാറ്റി. വിസ്താരം തുടങ്ങുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് കൈമാറൽ, കുറ്റപത്രം വായിച്ചുകേൾപ്പിക്കൽ തുടങ്ങിയ നടപടികൾ പൂർത്തിയായാലേ വിചാരണ തുടങ്ങാനാവൂ.
മധു കൊലക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറി ആക്കിയത് കഴിഞ്ഞ സമ്മേളന കാലത്ത് സി.പി.എമ്മിനുള്ളിൽ വൻ വിവാദമായിരുന്നു. കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ മാറ്റി മറ്റൊരാളെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.