തൃശൂർ: വീട് പെയിൻറടിക്കാനിരിക്കുന്നവരുടെ നെഞ്ചിൽ തീ കോരിയിട്ട് വില കുത്തനെ മേലോട്ട്. നവംബർ 12ന് 10-15 ശതമാനം വില കൂട്ടിയതിന് പുറമെ ഡിസംബറിൽ വീണ്ടും വർധിക്കുമെന്ന് മുൻനിര പെയിൻറ് കമ്പനികൾ ഡീലർമാരെ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിന് ശേഷം ഇതോടെ നാലാം തവണയാണ് പെയിൻറുകൾക്ക് വില വർധിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇന്ധന വിലയേറുന്നതിനാലാണ് വില വർധിപ്പിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നത്. മേയ് മുതൽ അടുത്തമാസം വരാനിരിക്കുന്ന വർധന വരെ ഏകദേശം 30 ശതമാനത്തിെൻറ വർധനവാണ് പെയിൻറ് വിപണിയിൽ ഉണ്ടാവുന്നത്.
നവംബർ 12 മുതൽ കൂടുതൽ ഗ്യാരണ്ടിയുള്ള പെയിൻറുകൾക്ക് ലിറ്ററിന് ഏകദേശം 35 രൂപ വർധിച്ചു. 20 ലിറ്ററിെൻറ ബക്കറ്റിന് 700-800 രൂപയുടെ വർധനവാണുണ്ടായത്. കുറവ് ഗ്യാരണ്ടിയുള്ള, സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന അടിസ്ഥാന പെയിൻറിന് വരെ 300-400 രൂപയുടെ വിലവർധനവാണുണ്ടായത്.
മര ഫർണിച്ചറിൽ അടിക്കുന്ന പോളി യൂറിത്തീന്‍ ലിറ്ററിന് 70-80 രൂപ കൂടി. കഴിഞ്ഞദിവസം വ്യാപാരികൾക്ക് ലഭിച്ച അറിയിപ്പ് പ്രകാരം ഡിസംബർ അഞ്ച് മുതലാണ് വീണ്ടും വില വർധിക്കുക.
വ്യത്യസ്ത പെയിൻറുകൾക്കനുസരിച്ച് 15-30 രൂപ വരെ വിലവർധനവാണ് നിർദേശിച്ചിട്ടുള്ളത്. വൈവിധ്യമനുസരിച്ച് ബക്കറ്റിന് 200-300 രൂപ മുതലുള്ള വർധനവാണ് ഉണ്ടാകുക.
പോളി യൂറിത്തീന്‍ 35-40 രൂപ വില വർധനവും ഉണ്ടാകും. അഡ്ഹേസിവുകൾക്കും അനുബന്ധ ചേരുവകൾക്കും വിലയേറിയിട്ടുണ്ടെന്ന് തൃശൂർ ചാവക്കാട്ടെ പെയിൻറ് ഡീലറായായ മുഹമ്മദ് അമീർഖാൻ പറഞ്ഞു. മുൻനിര പെയിൻറ് കമ്പനികളായ ഏഷ്യൻ, ബെർജർ, ഇൻഡിഗോ, നെറോലാക് കമ്പനികളാണ് കൂട്ടായി വില വർധിപ്പിക്കാൻ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.