റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: എക്സൈസ് ഉദ്യോഗസ്ഥനെതിരെ ഒരു കേസുകൂടി

പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ വാണിയക്കാട് ആലിംഗപൊക്കം അറക്കപറമ്പിൽ എ.ജെ. അനീഷിനെതിരെ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. ചെറിയപ്പിള്ളി കാട്ടിക്കുളം നികത്തിൽവീട്ടിൽ സനീഷിന്റെ പരാതിയിലാണ് കേസെടുത്തത്. 2,59,000 രൂപയാണ് സനീഷിൽനിന്ന് വാങ്ങിയിരുന്നത്. പറവൂർ പൊലീസ് സ്റ്റേഷനിൽ അനീഷിനെതിരെ കൂടുതൽ പേർ പരാതി നൽകിയിട്ടുണ്ട്.

ഒട്ടേറെ പരാതി ലഭിച്ചെങ്കിലും പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാങ്കുകളിലൂടെ പണം കൈമാറിയ സംഭവങ്ങളിൽ മാത്രമാണ് പറവൂരിൽ കേസെടുക്കുക. മറ്റുള്ളവ അതത് സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.എറണാകുളം എക്സൈസ് റേഞ്ച് ഓഫിസിലെ സിവിൽ ഓഫിസറായ അനീഷ് ഒളിവിലാണ്. ഇയാൾ കുറെ നാളുകളായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു.

അവധിയെടുത്ത ശേഷമാണ് ഇടപാടുകൾ നടത്തിയതെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. എക്സൈസ് അധികൃതർ പൊലീസിനോട് എഫ്.ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പകർപ്പ് ലഭിച്ചാലുടൻ അനീഷിനെതിരെ നടപടിയെടുക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും ഒരു സ്ഥാപനത്തിലും ജോലി നൽകാമെന്നുപറഞ്ഞ് കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് അറുപത്തിയഞ്ചോളം പേരുടെ കൈയിൽനിന്ന് അനീഷ് പണം വാങ്ങിയിട്ടുള്ളതായാണ് സൂചന.

ഇനിയും പരാതിക്കാരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പണം നൽകിയവരിൽ ചിലർ വ്യാഴാഴ്ച അനീഷിന്‍റെ വാണിയക്കാട്ടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. സർക്കാർ ജോലിക്കാരനായതിനാൽ അനീഷ് സ്വന്തം അക്കൗണ്ടിലൂടെ പണം വാങ്ങാതെ മറ്റൊരാളുടെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ഒളിവിൽക്കഴിയുന്ന അനീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - Fraud by offering job in Russia: One more case against Excise officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.