പത്തനംതിട്ട: ആട് വളര്‍ത്തലിലൂടെ വരുമാനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി പണംതട്ടിയെടുത്ത സംഭവത്തില്‍ ജില്ലയില്‍ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. പണം നഷ്ടപ്പെട്ടതായി കാണിച്ച് ജില്ലയില്‍ പൊലീസിന് ലഭിക്കുന്ന ആദ്യ പരാതിയാണ് ഇത്. പത്തനംതിട്ട കുലശേഖരപേട്ട സ്വദേശിയയായ യുവ വ്യാപാരിയുടെ പരാതിയിൽ ഹലാല്‍ ഗോട്ട് ഫാം എന്ന പേരിൽ തട്ടിപ്പ് നത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരങ്ങാടി കരിപ്പറമ്പ് കാവുങ്ങല്‍ ഹൗസ് കെ.വി. സലീഖ് (43), മലപ്പുറം എടവണ്ണ മണക്കാട്ടുപറമ്പ് കുന്നുമ്മല്‍ ഹൗസ് റിയാസ് ബാബു (40) എന്നിവർക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു.
30 കോടിയോളം രൂപ തട്ടിയെടുത്ത ഇവരുടെ പേരില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി പരാതികൾ പൊലീസിൽ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ അടൂര്‍, കോട്ടമുകള്‍ എന്നിവിടങ്ങളിലെ വ്യാപാരികളടക്കമുള്ളവര്‍ക്കും പണം നഷ്ടപ്പെട്ടതായി സൂചനയുണ്ട്.
മലപ്പുറം അരീക്കോടിന് സമീപം ഊര്‍ങ്ങാട്ടിരിയിലെ ഹലാല്‍ ഗോട്ട് ഫാം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 5000 രൂപയാണ് ഒരു ഓഹരിയുടെ വിലയായി സംഘം വാങ്ങിയിരുന്നത്. മാസാവസാനം ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നമല്‍കുമെന്നായിരുന്നു വാഗ്ദാനം. പണം നിക്ഷേപിച്ചവര്‍ക്ക് തുടക്കത്തില്‍ നിക്ഷേപത്തിന് അനുസരിച്ച് ലാഭവിഹിതം നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ നിക്ഷേപമെത്തിയതോടെയാണ് കബളിപ്പിക്കല്‍ തുടങ്ങിയത്.
കോവിഡ് സമയത്തായിരുന്നു സമൂഹ മാധ്യമങ്ങള്‍ വഴി പദ്ധതിയുമായി ആദ്യം ഇവർ രംഗത്തെത്തിയത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ആടുകളെ വാങ്ങി കേരളത്തിലെ എല്ലാ ജില്ലകളിലെയും ഇറച്ചി മാര്‍ക്കറ്റുകളിലേക്ക് ആടുകളെ വിതരണം ചെയ്യുന്ന ഏറ്റവും വലിയ ഡീലര്‍ ആണെന്നായിരുന്ന ഇവർ അവകാശപ്പെട്ടത്. ഇതിലേക്ക് പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്നും സമൂഹ മാധ്യമങ്ങൾ വഴി നിരന്തരം പരസ്യം ചെയ്തിരുന്നു. ഒക്ടോബര്‍ 23വരെ ഇവര്‍ നിക്ഷേപകരുമായി ബന്ധപ്പെട്ടിരുന്നു. അതിനുശേഷം ഒരുവിവരവും ഉണ്ടായില്ല. തുടർന്ന് നിക്ഷേപകർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.