തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയെയും വിദ്യാര്‍ഥികളെയും കരുവാക്കി വ്യാജ ചലാനിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായില്ല. വ്യാജ ചലാന്‍ തയാറാക്കി ഫണ്ട് തട്ടിയതും വിദ്യാര്‍ഥിയില്‍നിന്ന് കൈക്കൂലി വാങ്ങിയതും സംബന്ധിച്ച കേസില്‍ രണ്ട് പരീക്ഷാഭവന്‍ ജീവനക്കാര്‍ സസ്‌പെന്‍ഷനിലായ സംഭവത്തിലാണ് സര്‍വകലാശാലയും തേഞ്ഞിപ്പലം പൊലീസും പ്രത്യേകം അന്വേഷണം നടത്തിയത്.
2022 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പരീക്ഷാഭവനിലെ അസിസ്റ്റന്റ് എം.കെ. മന്‍സൂറലി, അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ പി.വി. സുജിത് കുമാര്‍ എന്നിവരെയാണ് സര്‍വകലാശാല അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
തട്ടിപ്പിന് പിന്നില്‍ ജീവനക്കാര്‍ക്ക് പുറമെ മറ്റാരെങ്കിലുമുണ്ടോ എന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. പൊലീസ് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. എന്നാല്‍, പരീക്ഷാഭവന്‍ ചുമതലയുണ്ടായിരുന്ന പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പരീക്ഷാഭവന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവര്‍ ആദ്യഘട്ടത്തില്‍ തയാറാക്കിയ രണ്ട് ജീവനക്കാരെക്കുറിച്ചുമുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജ ചലാന്‍ നിര്‍മാണത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു. ചലാന്‍ തട്ടിപ്പിലൂടെ സര്‍വകലാശാലക്ക് വന്‍ തുക നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന പ്രാഥമികനിഗമനം കൂടി കണക്കിലെടുത്താണ് വിശദ അന്വേഷണത്തിന് അന്ന് തീരുമാനിച്ചത്. എന്നാല്‍ രണ്ടാംഘട്ട അന്വേഷണത്തിലും കാര്യമായ വിവരങ്ങളോ തെളിവുകളോ ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.