തൃശൂര്‍: പാരാമെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിൽ തൃശൂർ മിനർവ അക്കാദമിക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ഞൂറിലധികം വിദ്യാർഥികളാണ് തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പറ്റിച്ചു എന്നാണ് പരാതി.
പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം രൂപ വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നും വിദ്യാർഥികള്‍ ആരോപിച്ചു. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളാണ് നടത്തുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭിക്കാതെ വന്നതോടെയാണ് വിദ്യാർഥികൾ കൂടുതൽ അന്വേഷിച്ചത്. വിവിധ പാരാ മെഡിക്കൽ, ഡിപ്ലോമ കോഴ്സുകൾ, ഹോട്ടൽ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ്, ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ റേഡിയോളജി എന്നിവയും ഇവിടെ ഉണ്ട്.
ട്രെയിനിങ്ങും ജോലിയും അക്കാദമിയുടെ മേൽനോട്ടത്തിൽ തന്നെ ശരിയാക്കിത്തരുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ പ്രവേശന സമയത്ത് അധികൃതർ നൽകിയെന്നും എന്നാൽ സർട്ടിഫിക്കറ്റുമായി ജോലി അന്വേഷിച്ച് ചെല്ലുമ്പോൾ ലഭിക്കുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്ന് വിദ്യാർഥികൾ പറഞ്ഞു. അധികൃതരുമായി സംസാരിച്ചുവെങ്കിലും വ്യാജമല്ലെന്ന നിലപാടിലായിരുന്നു അക്കാദമി. ഇത് തെളിയിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഉണ്ടായില്ല. പരാതി ഉയര്‍ന്നതോടെ പുതുതായി പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് സ്ഥാപനം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഇതോടെ വിദ്യാർഥികള്‍ കൂട്ടത്തോടെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ നൂറിലധികം വിദ്യാർഥികൾ തമ്പടിച്ചതോടെ പൊലീസുകാരും സമ്മർദത്തിലായി.
അക്കാദമിയുടെ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തി അക്കാദമിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.