മേപ്പാടിയിൽ തുറന്ന ദുരന്തബാധിതർക്കുള്ള ‘റീ സ്റ്റോർ’ സൗജന്യ തുണിക്കട

ഇതാ, ദുരന്തത്തെരുവിലെ സ്നേഹത്തിന്‍റെ തുണിക്കട

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് മേപ്പാടിയിലെ ഈ ടെക്സ്റ്റൈൽസിൽ കയറാം, തുണികളടക്കം അവശ്യസാധനങ്ങൾ എന്തും സൗജന്യമായി എടുത്ത് മടങ്ങാം. ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്ന ആളുകള്‍ക്കായാണ് ടി. സിദ്ദീഖ് എം.എൽ.എയുടെ ‘എം.എല്‍.എ കെയർ’ പദ്ധതിയുടെ ഭാഗമായി ‘റീസ്റ്റോര്‍’ എന്ന പേരില്‍ മേപ്പാടിയില്‍ തുണിക്കട തുറന്നത്. ദുരന്തബാധിതര്‍ക്ക് സമ്പൂർണമായി സൗജന്യ സാധനങ്ങൾ വാങ്ങി മടങ്ങാം.

കടയുടെ ഉദ്ഘാടനത്തിനും വ്യത്യസ്തതയുണ്ടായിരുന്നു. ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്തവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുമ്പോൾ അന്ത്യ കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മൂന്നുപേരായിരുന്നു ഉദ്ഘാടകർ. എൻ.എസ്.എസ് വൈത്തിരി താലൂക്ക് യൂനിയന്‍ പ്രസിഡന്റ് സുധാകരന്‍, ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജിബിന്‍ കട്ടുക്കളത്തില്‍, ഷംസുദ്ദീന്‍ റഹ്‌മാനി എന്നിവരാണ് കട തുറന്നുകൊടുത്തത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലുമുള്ള എല്ലാവർക്കും അവശ്യ സാധനങ്ങള്‍ മുഴുവന്‍ എടുക്കാം.

കുട്ടികളുടെ വിഭാഗം, പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക സെക്ഷന്‍, ജെന്‍റ്സ് വിഭാഗം, മുതിര്‍ന്നവരുടെ വിഭാഗം ഉൾപ്പെടെ ഒരു തുണിക്കടക്ക് വേണ്ട എല്ലാം സജ്ജമാണിവിടെ. മൂന്നു നിലയില്‍ ക്രമീകരിച്ചിരിക്കുന്ന വലിയ ശേഖരം. ചെരുപ്പുകൾ, കുട്ടികളുടെ നാപ്കിൻ, കിടക്കകൾ തുടങ്ങിയവയുമുണ്ട്. കടയിൽ എന്തെങ്കിലും സാധനങ്ങൾ ഇല്ലെങ്കിൽ പുറത്തുള്ള രജിസ്റ്ററിൽ എഴുതിവെക്കണം. ആവശ്യക്കാർക്ക് അവ പിന്നീട് എത്തിച്ചുനൽകും. സന്നദ്ധപ്രവർത്തകരിൽനിന്നും കോൺഗ്രസ് പ്രവർത്തകർ വഴിയും ശേഖരിച്ചവയാണ് സാധനങ്ങൾ. ബാക്കിയുള്ളവ പ്രത്യേകം ഓർഡർ ചെയ്ത് കൊണ്ടുവന്നു.

വയനാടിന്റെ അതിജീവന പോരാട്ടത്തില്‍ പ്രധാന ചുവടുവെപ്പായി കട മാറുമെന്നും ജനങ്ങളുടെ കൂട്ടായ്മയുടെ ഏറ്റവും മനോഹരമായ മുഖമാണ് റീസ്റ്റോര്‍ എന്നും ടി.സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി അപ്പച്ചന്‍, റസാഖ് കല്‍പറ്റ, പി.പി. ആലി, ഷമ മുഹമ്മദ്, ടി. ഹംസ, ബി. സുരേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, റോയ്, അഷറഫ്, യൂനസ് മൗലവി, ഷൈക്ക് ഗ്രൂപ് ചെയര്‍മാന്‍ ഉസ്മാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Free textiles shop at Meppadi for those who affected in Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.