ശാസ്താംകോട്ട: കാൻസർ രോഗത്തെ തോൽപ്പിച്ച കുഞ്ഞുമോൾക്ക് നടുറോഡിലെ ക്രൂരതയുടെ രൂപത്തിൽ വന്ന വിധിയെ തോൽപ്പിക്കാനായില്ല. കഴിഞ്ഞ ദിവസം മൈനാഗപ്പള്ളി ആനൂർക്കാവിൽ കാർ ശരീരത്തിലൂടെ കയറി ഇറങ്ങി മരിച്ച കുഞ്ഞുമോൾക്ക് മൂന്ന് വർഷം മുമ്പാണ് കാൻസർ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലൂടെ രോഗം ഭേദമായി. ഇപ്പോഴും ആറ് മാസം കൂടുമ്പോൾ തുടർ ചികിത്സാർഥം ആർ.സി.സിയിൽ പോയിവരികയായിരുന്നു. തുടർ ചികിത്സക്ക് ആവശ്യമുള്ള പണം കണ്ടെത്തുന്നതിനാണ് വീടിന് തൊട്ടുമുന്നിൽ ചെറിയ സ്റ്റേഷനറികട ആറ് മാസം മുമ്പ് തുടങ്ങിയത്.
കടയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് സഹോദരിയോടൊപ്പം ആനൂർകാവിലെ കടയിൽ എത്തിയത്. അത് കുഞ്ഞുമോളുടെ അവസാന യാത്രയുമായി.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തേക്കിറങ്ങിയവർ ഒരു നിമിഷം കൊണ്ട് അപകടത്തിൽപ്പെടുന്ന രംഗം കൺമുന്നിൽ കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആനൂർക്കാവിൽ കട നടത്തുന്ന വിദ്യ.
കടയിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെയുള്ളവർ ഓടിചെല്ലുകയും മുന്നോട്ട് എടുക്കരുതെന്ന് ഉച്ചത്തിൽ അലറി വിളിച്ചിട്ടും കാറിലുണ്ടായിരുന്ന യുവതിയാണ് കാർ എടുക്കാൻ പറഞ്ഞതെന്ന് വിദ്യ ഓർക്കുന്നു. കാർ മുന്നോട്ട് എടുത്തില്ലായിരുന്നുവെങ്കിൽ വിലപ്പെട്ട ജീവൻ രക്ഷപെടുമായിരുന്നു.
അമിത ലഹരി ഉപയോഗമാണ് അപകടത്തിന് കാരണമെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്ന പൊതു പ്രവർത്തകൻ കെ. സഞ്ജയ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.