അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിക്കുന്നു. തിരച്ചിൽ പുനരാരംഭിക്കാനായി ഗോവയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഡ്രഡ്ജർ പുറപ്പെട്ടു. ഡ്രഡ്ജർ ഇന്ന് വൈകീട്ടോടെ കാർവാർ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.
എത്തിയാലുടൻ ദൗത്യം സംബന്ധിച്ച അവലോകനയോഗം ചേരും. അതിനു ശേഷം ഡ്രഡ്ജർ ഷിരൂരിലേക്ക് എത്തിക്കും. ബുധനാഴ്ച വൈകീട്ടോടെ മാത്രമേ ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാനാകൂ. അപ്പോൾ അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കാൻ സാധിക്കും. തിരച്ചിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞാഴ്ച അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകി.
96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാനുള്ള ചെലവ് പ്രതീക്ഷിച്ചത്. പുഴയിൽ പ്രവർത്തിക്കാനുള്ള ചെലവ് കൂടാതെയാണിത്. നാലുമീറ്റർ വരെ ആഴത്തിൽ തിരച്ചിൽ നടത്താൻ ഡ്രഡ്ജറിന് സാധിക്കും. മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.