നുകംവച്ച കാളയില്‍ നിന്ന് കൈപ്പത്തിയിലേക്ക്; ചിഹ്നങ്ങളുടെ പരിണാമങ്ങള്‍

ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കുന്നതിനെപ്പറ്റി തെരഞ്ഞെടുപ്പ് കമീഷനില്‍ വലിയ ആലോചനകളും സംവാദങ്ങളും നടന്നുവെന്നതാണ് ചരിത്രം. ഓരോ സ്ഥാനാര്‍ത്ഥിക്കും പ്രത്യേകം ബാലറ്റു പെട്ടികളായിരുന്നു പതിവ്. അനുവദിക്കപ്പെടുന്ന നിറമുള്ള പെട്ടി പോളിങ് ബൂത്തില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കുമായി വയ്ക്കും.

സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തി തങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ത്ഥികളുടെ പെട്ടിയില്‍ ഇടണം. എന്നാല്‍, ഓരോ സ്ഥാനാര്‍ത്ഥിക്കും നിറങ്ങള്‍ അനുവദിക്കുക പാടായി. മദ്രാസിലെ മൈലാപൂര്‍ അസംബ്ലി മണ്ഡലത്തില്‍ 14 സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്.

അവര്‍ക്ക് എല്ലാം 14 വ്യത്യസ്ത നിറങ്ങളിലെ പെട്ടികള്‍ അനുവദിച്ചാല്‍ പെട്ടെന്ന് വോട്ടര്‍മാര്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുമെന്ന് കമീഷന്‍ വിലയിരുത്തി. പേര് മാത്രമായി ബാലറ്റ് അച്ചടിക്കുകയാണെങ്കില്‍ 16.5 ശതമാനം സാക്ഷരതയുള്ള രാജ്യത്ത് വോട്ടര്‍മാരില്‍ നല്ല പങ്കും വായിക്കാനാവാതെ കുഴങ്ങുകയും ചെയ്യും.

അങ്ങനെയാണ് ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലുമുള്ള പാര്‍ട്ടികള്‍ക്ക് വ്യത്യസ്തമായ ചിഹ്നങ്ങള്‍ അനുവദിക്കാന്‍ തീരുമാനമായത്. ചിഹ്നങ്ങളുള്ള പെട്ടികളില്‍ വോട്ട് ചെയ്ത് ഇടണം. ബാലറ്റ് പേപ്പറില്‍ മാര്‍ക്ക് ചെയ്യണമെന്നുമില്ല. മാര്‍ക്ക് ചെയ്യാതെ ഒരു പെട്ടിയില്‍ ബാലറ്റ് പേപ്പര്‍ ഇട്ടാലും അത് വോട്ടായി പരിഗണിക്കും.

ചിഹ്നങ്ങള്‍ അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ 1951 ജൂലൈ 30ന് തെരഞ്ഞെടുപ്പ് കമീഷനും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളും ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. അതിനെ തുടര്‍ന്ന് 1951 ആഗസ്റ്റ് 17ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ‘നുകം വച്ച ഇരട്ട കാള’ എന്ന ചിഹ്നം അനുവദിച്ചു.

അവര്‍ കമീഷന് പരിഗണനക്കായി സമര്‍പ്പിച്ച രണ്ടാമത്തെ ചിഹ്നം ‘ചര്‍ക്ക നടുക്കുള്ള കോണ്‍ഗ്രസ് പതാക’യായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നാം പരിഗണനക്കായി അപേക്ഷിച്ച അരിവാള്‍ ചുറ്റിക ചിഹ്നം ലഭിച്ചില്ല. പകരം അവര്‍ സമര്‍പ്പിച്ച രണ്ടാമത്തെ നിര്‍ദേശമായ അരിവാളും ചോളക്കതിരും അനുവദിക്കപ്പെട്ടു.

സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് മരം. ആര്‍.എസ്.പിക്ക് മണ്‍വെട്ടിയും മണ്‍ കോരിയുമായിരുന്നു ചിഹ്നം. അതിന് 15 ദിവസം മുമ്പ് കമീഷന്‍ അനുവദിച്ച ആദ്യ സെറ്റ് ചിഹ്നങ്ങളില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ളോക്കിന് (മാര്‍ക്സിസ്റ്റ് ഗ്രൂപ്പ്) ലഭിച്ചത് ‘എഴുന്നേറ്റുനില്‍ക്കുന്ന സിംഹ’മായിരുന്നു.

കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിക്ക് കുടില്‍. അഖില ഭാരതീയ രാം രാജ്യ പരിഷത്തിന് ഉദിക്കുന്ന സുര്യന്‍ ചിഹ്നമായി. രസകരമായ കാര്യം ആദ്യ തെരഞ്ഞെടുപ്പിലും ഇന്നത്തെ കോണ്‍ഗ്രസ് (ഐ)യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി (ഏകദേശം സമാനം) ഉണ്ടായിരുന്നുവെന്നതാണ്. പക്ഷേ, അത് അനുവദിക്കപെപട്ടത് ഓള്‍ ഇന്ത്യാ ഫോര്‍ വേഡ് ബ്ളോക്ക് (റൂയികര്‍ ഗ്രൂപ്പിനാണ്).

ബോള്‍ഷെവിക് പാര്‍ട്ടി നക്ഷത്രത്തിലും അഖിലേന്ത്യാ ഭാരതീയ ജനസംഘം ദീപം (കത്തിച്ച വിളക്ക്) ചിഹ്നങ്ങളിലും സംതൃപ്തരായി. പിന്നീട് ബി.എസ്.പിയുടെ ചിഹ്നമായ ആനയായിരുന്നു ബി.ആര്‍. അംബേദ്കറിന്റെ ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ കാസ്റ്റ്സ് ഫെഡറേഷന്‍െറ അടയാളം. അന്ന് മദ്രാസ് സ്റ്റേറ്റ് മുസ്‍ലിം ലീഗ് പാര്‍ട്ടിക്ക് അനുവദിക്കപ്പെട്ട ചിഹ്നമായ ‘കോണി’ ഇന്നോളം തുടരുന്നു.

1969 ല്‍ സിന്‍ഡിക്കേറ്റും ഇന്ദിരാവിഭാഗവുമായി പിളര്‍ന്നതോടെ ‘നുകംവച്ച ഇരട്ടകാളകള്‍’ എന്ന ചിഹ്നം കോണ്‍ഗ്രസിന് എന്നന്നേക്കുമായി നഷ്ടമായി. സംഘടനാ കോണ്‍ഗ്രസിന് ചര്‍ക്ക തിരിക്കുന്ന സ്ത്രീയായി ചിഹ്നം. ഇന്ദിരാ വിഭാഗമായ കോണ്‍ഗ്രസ് (ആര്‍)ന് പശുവും കിടാവും അനുവദിക്കപ്പെട്ടു.

1978 ല്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസും (കോണ്‍ഗ്രസ് ഐ)യും ദേവരാജ് അര്‍ശ് വിഭാഗവുമായി മാറിയപ്പോള്‍ വീണ്ടും ചിഹ്നത്തെപ്പറ്റി തര്‍ക്കം ഉടലെടുത്തു. അപ്പോള്‍ കോണ്‍ഗ്രസ് ഐയുടെ ചിഹ്നമായി കൈപ്പത്തി മാറി. എതിര്‍വിഭാഗത്തിന് ‘ചര്‍ക്ക’ സ്വന്തമായി.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സി.പി.എമ്മിന് ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ മികച്ച സാധ്യതയായി. ജനതാ പാര്‍ട്ടിയില്‍നിന്ന് പിളര്‍ന്ന് പഴയ ജനസംഘംകാര്‍ ബി.ജെ.പി രൂപീകരിക്കച്ചതോടെ താമരയായി അവരുടെ ചിഹ്നം. ജനതാ പാര്‍ട്ടി ‘കലപ്പയേന്തിയ കര്‍ഷക’നില്‍ അഭിമാനം കൊണ്ടു. ആം ആദ്മി പാര്‍ട്ടി ‘ചൂല്‍’ അഴിമതി തുടച്ചു നീക്കുന്ന അടയാളമായി ഉയര്‍ത്തിക്കാട്ടുന്നതുപോലെ ജനതാദളിന് ലഭിച്ച ‘ചക്രം’ കാലത്തിന്റെ അനസ്യൂത പ്രവാഹ സൂചനയായി അവര്‍ എടുത്തു പറഞ്ഞു.

തയാറാക്കിയത്: ആർ.കെ ബിജുരാജ്

Tags:    
News Summary - From the yoked ox to the palm-Evolutions of Symbols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.