സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കാൻ മനുഷ്യത്വം ബാക്കിയുള്ളവരെല്ലാം ഇടപെടണമെന്ന് ഭാര്യ റൈഹാന. ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകവെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി ജയിലിലടച്ച അദ്ദേഹത്തെ സകല മനുഷ്യാവകാശങ്ങളും ലംഘിച്ച് ആശുപത്രിക്കിടക്കയിൽ ചങ്ങലക്കിട്ടിരിക്കുകയാണ്.
കോവിഡിനു പുറമെ നിരവധി രോഗങ്ങൾ അലട്ടുന്ന അദ്ദേഹത്തെ പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ സമ്മതിക്കാതെ കൊല്ലാക്കൊല ചെയ്യുകയാണെന്നും റൈഹാന 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
മിനിഞ്ഞാന്ന് (ശനിയാഴ്ച). ഏറെ അവശനാണെന്ന് സംസാരത്തിൽനിന്ന് മനസ്സിലായി. സമീപത്തുണ്ടായിരുന്നയാൾക്ക് നൂറു രൂപ കൊടുത്ത് അയാളുടെ ഫോണിൽനിന്ന് വിളിക്കുകയായിരുന്നു.
നാലു ദിവസമായി മഥുരയിലെ കെ.വി.എം മെഡിക്കല് കോളജ് ആശുപത്രി കോവിഡ് വാർഡിൽ കൈകൾ കട്ടിലുമായി ചങ്ങലക്കിട്ടിരിക്കുകയാണ്. ജയിലിലെ ബാത്ത് റൂമിൽ വീണ് താടിയെല്ലിന് പൊട്ടലോ മുറിവോ ഉണ്ട്. മുഖം വീങ്ങിയിരിക്കുന്നു. വേദനിച്ചിട്ട് ഭക്ഷണം കഴിക്കാനാവുന്നില്ല. കെട്ടിയിട്ടതിനാൽ ടോയ്ലറ്റിൽ പോവാനും നിർവാഹമില്ല. മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലിലാണ്. എന്നെ എങ്ങനെയെങ്കിലും ഡിസ്ചാർജ് ചെയ്യാൻ പറയൂവെന്നും കരഞ്ഞുപറയുന്നതിനിടെ കാൾ കട്ടാവുകയായിരുന്നു.
ഇപ്പോൾ ആശുപത്രിയിൽ അനുഭവിക്കുന്നതിലും ഭേദമായിരുന്നു. ഏപ്രിൽ 20ന് വീട്ടിലേക്ക് വിളിച്ചിരുന്നു. പത്തു ദിവസത്തോളമായി പനിയാണെന്നു പറഞ്ഞു. നോമ്പ് ഒഴിവാക്കാൻ പറഞ്ഞപ്പോൾ, നോമ്പ് ഒഴിവാക്കിയാലും കാര്യമായ ഭക്ഷണമൊന്നും കിട്ടില്ലെന്നും അതിലും നല്ലത് നോമ്പെടുക്കുന്നതല്ലേയെന്നും തിരിച്ചുചോദിച്ചു.
പച്ചവെള്ളവും കക്കിരിയുമാണ് അത്താഴം. 20ന് പുലർച്ച മൂന്നു മണിയോടെ എഴുന്നേറ്റതായിരുന്നു. പുറത്താണ് ബാത്ത് റൂം. അവിടെ വെച്ചാണ് വീണ് അപകടം സംഭവിച്ചത്. കോവിഡ് പോസിറ്റിവാണെന്ന് അറിഞ്ഞതോടെ 21ന് രാവിലെ കെ.വി.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വിവരം അഭിഭാഷകനാണ് എന്നെ വിളിച്ച് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിളിച്ചിരുന്നു. അദ്ദേഹം ഗൗരവത്തോടെ ഇടപെടുന്നുണ്ട്. എം.പിമാർ ചീഫ് ജസ്റ്റിസിനും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും കത്ത് നൽകുമെന്ന് അറിയിച്ചു.
യോഗി ആദിത്യനാഥിന് കത്തെഴുതാൻ എന്നോട് ഇ.ടിയും ബിനോയ് വിശ്വം എം.പിയും പറഞ്ഞു. അതുപ്രകാരം ഞാനും കത്തയച്ചു. മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ഒരു പൗരെൻറ ഭാര്യയെന്ന നിലയിൽ ഏറെ അനുഭാവപൂർണമായ സമീപനമാണ് എന്നോടും കുടുംബത്തോടും ഏറെ നാളായി ബിനോയ് വിശ്വം സ്വീകരിക്കുന്നത്.
കെ. മുരളീധരൻ, കെ. സുധാകരൻ തുടങ്ങിയ എം.പിമാരെയും വിളിച്ചു. ഏറ്റവും ചുരുങ്ങിയത് ടോയ്ലറ്റിൽ പോവാനുള്ള സംവിധാനമുണ്ടാക്കണമെന്ന് അധികാരികളോട് കേണപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ.
കഴിഞ്ഞ ഏഴ് മാസമായി ഞാനും കുടുംബവും ആഗ്രഹിക്കുകയും നിരന്തരം അപേക്ഷിക്കുകയും ചെയ്ത കാര്യമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ ഇടപെടൽ. കേസ് കോടതിയിലായതിനാലും മറ്റൊരു സംസ്ഥാനത്തിെൻറ പരിധിയിലാതിനാലും പരിമിതിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ആശുപത്രി കിടക്കയിൽ ചങ്ങലക്കിടപ്പെട്ടയാൾ പ്രാഥമിക കാര്യങ്ങൾ ചെയ്യാനുള്ള സൗകര്യമെങ്കിലുമൊരുക്കണമെന്ന് നമ്മുടെ മുഖ്യമന്ത്രിക്ക് അവിടത്തെ മുഖ്യമന്ത്രിയോട് കത്തിലൂടെയെങ്കിലും ആവശ്യപ്പെട്ടുകൂടേയെന്നായിരുന്നു രണ്ടു ദിവസമായി എെൻറ അഭ്യർഥന.അത് അദ്ദേഹം കേട്ടിരിക്കുന്നു. മുൻ എം.പി എം.ബി. രാജേഷാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച വിവരം അറിയിച്ചത്. ഇപ്പോൾ എനിക്ക് എന്തെന്നില്ലാത്തൊരു സമാധാനമുണ്ട്. ആശ്വാസം തോന്നുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിന് അനുകൂല നടപടി ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ.
വിഷയം രാഷ്ട്രീയമാക്കിയാൽ അത് സിദ്ദീഖ് കാപ്പനെ ബാധിക്കുമെന്ന് ചിലർ എന്നെ ഉപദേശിക്കുന്നു. ഇനി എന്താണ് അദ്ദേഹത്തെ ബാധിക്കാനുള്ളത്. ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയമല്ല. നീതിയാണ് തേടുന്നത്. എളമരം കരീം അടക്കം മുഖ്യമന്ത്രിയുടെ പാർട്ടിക്കാരായ എം.പിമാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
അവരോടൊക്കെ നന്ദിയും കടപ്പാടുമുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടിയല്ല സംസാരിക്കുന്നത്. മാധ്യമ പ്രവർത്തകനെന്ന പരിഗണനയോ മലയാളി എന്ന പരിഗണനയോ സിദ്ദീഖിന് ലഭിച്ചില്ല
കേന്ദ്രമന്ത്രി വി. മുരളീധരനെ കാണാൻ പലതവണ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ വിളിച്ചപ്പോൾ പി.എയാണ് ഫോണെടുത്തത്. വിഷയം സംസാരിച്ചു. കത്തയക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവരെയും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
ഡൽഹിയിൽ പോയി ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽ കാണണമെന്ന് കരുതിയതാണ്. അപ്പോഴേക്കും കോവിഡ് രൂക്ഷമായി. ഈ അവസ്ഥ നിങ്ങളുടെ കുടുംബത്തിനാണെങ്കിലെന്ന് ഒന്നോർത്തുനോക്കൂ. ശരിക്കൊന്നു ഉറങ്ങിയിട്ട് മാസങ്ങളായി.
രാജ്യത്തിെൻറ നീതിന്യായ വ്യവസ്ഥയിലും സർവശക്തനായ ദൈവത്തിലും വിശ്വാസമർപ്പിച്ച് കാത്തിരിക്കുന്നു. സത്യം പുലരുമെന്നുതന്നെയാണ് പ്രതീക്ഷ. ജയിലിലേക്ക് മടക്കുകയോ ആശുപത്രി മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
സിദ്ദീഖിനെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെടും. ജാമ്യം നൽകി അദ്ദേഹത്തെ കേരളത്തിലെ ആശുപത്രിയിലേക്ക് മാറ്റണം. അതിന് കഴിയില്ലെങ്കിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ഡൽഹിയിലെയോ ഉത്തർപ്രദേശിലെയോ ആശുപത്രിയിലേക്ക് മാറ്റി എന്നെ കൂടെനിൽക്കാൻ അനുവദിക്കണം.
സിദ്ദീഖ് ഇക്ക അനുഭവിക്കുന്ന ക്രൂരപീഡനങ്ങൾതന്നെയാണ് എല്ലാവരുടെയും ആശങ്ക. ഉമ്മ കഴിഞ്ഞ ദിവസം വീണ്ടും അവശയായി. ബാവ (സിദ്ദീഖ്) എന്ന് വരും, എനിക്ക് കാണണം...എന്നു മാത്രമാണ് എപ്പോഴും പറയുന്നത്. മറ്റൊരു സംസാരവുമില്ല. എല്ലും തോലുമായി വാട്ടർ ബെഡിൽ കിടക്കുന്നു. മകനെ ഇടക്ക് കാണാൻ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് ജീവൻ നിലനിന്നുപോവുന്നതെന്ന് തോന്നും.
17ഉം 13ഉം എട്ടും വയസ്സുള്ള മൂന്നു മക്കളുടെ മാതാപിതാക്കളാണ് ഞാനും സിദ്ദീഖും. മക്കൾക്ക് നോമ്പ് തുറക്കാൻ ഭക്ഷണംപോലും ഉണ്ടാക്കാൻ എനിക്കിപ്പോൾ കഴിയുന്നില്ല.
ഇക്ക വിളിച്ച വൈകുന്നേരം ഞങ്ങൾ ഏറെ തളർന്നു. പച്ചവെള്ളം കുടിച്ച് നോമ്പ് തുറന്നു. രാത്രിയാണ് മക്കൾക്ക് ഭക്ഷണമുണ്ടാക്കിയത്. എന്തു സഹായത്തിനും ഓടിയെത്തുന്ന കുടുംബാംഗങ്ങളുണ്ട്. പക്ഷേ, അദ്ദേഹത്തിെൻറ അവസ്ഥ ഓർക്കുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
ജീവൻ പോയശേഷം എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ജീവനോടെ വിട്ടുകിട്ടുകയെന്നത് മറ്റാരുടെയും വിഷയമല്ലെങ്കിലും ഞങ്ങളുടെ വിഷയമാണ്. രോഗിയായ മനുഷ്യനെ ഭ്രാന്തുള്ളവരെപ്പോലെ ചങ്ങലക്കിട്ടാൽ അയാൾ ഭ്രാന്തനാവാൻ അധികം സമയം വേണ്ടിവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.