കണ്ണൂർ: കേരളത്തിൽ മുന്നണി വികസന സാധ്യത ആലോചിക്കണമെന്ന് സി.പി.എം കേന്ദ്രനേതൃത്വം. വെള്ളിയാഴ്ച മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിലാണ് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള നിർദേശം. സംസ്ഥാനങ്ങളിൽ ഇടതുമുന്നണി രൂപവത്കരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന റിപ്പോർട്ട് സി.പി.എമ്മിന് ശക്തിയുള്ള കേരളം, പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ മുന്നണി ശക്തിപ്പെടുത്തുന്നതുകൂടി പരിഗണിക്കണമെന്ന് നിർദേശിക്കുന്നു. കേരളത്തിൽ യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസ് (എം), എൽ.ജെ.ഡി എന്നീ കക്ഷികളെക്കൂടി ഉൾപ്പെടുത്തിയതോടെ 11 കക്ഷികളാണ് എൽ.ഡി.എഫിലുള്ളത്. സംസ്ഥാനങ്ങളിൽ ഇടത് ജനാധിപത്യവേദികൾ രൂപവത്കരിക്കുമ്പോൾ സി.പി.ഐയുമായി സി.പി.എം ഘടകങ്ങൾ ധാരണയിലെത്തണമെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. സി.പി.എം സംഘടനാപരമായി എത്തിനിൽക്കുന്ന വൻ തകർച്ച തുറന്ന് സമ്മതിക്കുന്നുണ്ട് റിപ്പോർട്ട്.
1964ൽ പാർട്ടി രൂപവത്കരിച്ചശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ശക്തമായ അടിത്തറയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ബംഗാളിലും ത്രിപുരയിലും കടുത്ത ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. രണ്ടിടത്തും ബഹുജന അടിത്തറയിൽ വലിയ ചോർച്ചയുണ്ടായി. അഖിലേന്ത്യാ തലത്തിലും പാർട്ടിക്ക് ഇടിവുണ്ടായി. കേരളം മാത്രമാണ് അപവാദം. രാജ്യത്തെ ഹിന്ദുത്വരാഷ്ട്രമാക്കാൻ നീക്കം നടത്തുന്ന ആർ.എസ്.എസ്, ബി.ജെ.പി ശക്തികളെ ഒറ്റപ്പെടുത്താൻ രാഷ്ട്രീയ അടവുനയം നടപ്പാക്കണം. ബഹുജന അടിത്തറയിലുള്ള വിപ്ലവ പാർട്ടിയാണ് കെട്ടിപ്പടുക്കേണ്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാർട്ടി വിദ്യാഭ്യാസത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രവും പരിപാടിയും വിഷയമാക്കണം. യുവാക്കളായ പുതിയ മുഴുവൻസമയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ നടപടി വേണം. സമൂഹമാധ്യമ ഉപയോഗത്തെ പാർട്ടി സംഘടനയുമായി സംയോജിപ്പിക്കണം. ഇതിനായി മാർഗനിർദേശം രൂപവത്കരിക്കാൻ ശിൽപശാലകൾ സംഘടിപ്പിക്കണം. ഇത് ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം. ബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പുവരുത്തണം. 2023ലും 2024ലും അംഗത്വം പുതുക്കുമ്പോൾ യുവാക്കളുടെയും വനിതകളുടെയും അംഗത്വത്തിൽ വർധന ഉണ്ടാവണം. കേരളത്തിൽ നിരവധി പാർട്ടി അംഗങ്ങളാണ് മന്ത്രിസഭ, തദ്ദേശസ്ഥാപനങ്ങൾ, സഹകരണമേഖല എന്നിവിടങ്ങളിൽ ഉത്തരവാദിത്ത ചുമതലകളിലുള്ളത്. ജനങ്ങളുടെ വിശ്വാസം നേടുന്ന തരത്തിലുള്ള പെരുമാറ്റമാവണം ഇവരുടേത്. ധാർഷ്ട്യം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, അഴിമതി എന്നിവ പാടില്ലെന്നും നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.