കോട്ടയം: കോതനല്ലൂരിൽ യുവതി ആത്മഹത്യ ചെയ്തത് സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത്. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി മരിച്ചത്. കോതനല്ലൂർ വരകുകാലായിൽ മുരളീധരന്റെയും ജയയുടെയും ഇളയ മകൾ വി.എം. ആതിരയെയാണ് (26) തിങ്കളാഴ്ച രാവിലെ ഏഴരയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കോട്ടയത്തെ ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു. അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ആതിരക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു ആലോചന വരുകയും ഇവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്. ഇതറിഞ്ഞ ആതിര മാനസിക വിഷമത്തിലായി. തുടർന്ന് സഹോദരി സൂര്യ ഭർത്താവ് ആശിഷ്ദാസിനെ അറിയിക്കുകയും ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം ഞായറാഴ്ച വൈകീട്ട് യുവതി കടുത്തുരുത്തി സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. പൊലീസ് രാത്രിതന്നെ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. എത്താമെന്ന് യുവാവ് സമ്മതിച്ചതായും പൊലീസ് അറിയിക്കുന്നു. പരാതി നൽകിയശേഷവും യുവാവ് സൗഹൃദകാലത്തെ വാട്സ്ആപ് ചാറ്റുകളും മറ്റും പുറത്തുവിട്ട് ആക്ഷേപിച്ചു. ഇതോടെ ആതിര മാനസിക സമ്മർദത്തിലായിരുന്നു. വീട്ടുകാർ വിഷമിക്കേണ്ടെന്നും താൻ ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് ആതിര സന്തോഷത്തോടെയാണ് രാത്രി ഉറങ്ങാൻ പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. രാവിലെ ജോലിക്കുപോകാൻ ആതിരയെ മാതാവ് വിളിച്ചുണർത്തിയിരുന്നു. അൽപനേരം കൂടി കിടക്കട്ടെയെന്നു പറഞ്ഞ് വാതിലടച്ചു. ഒരു മണിക്കൂറായിട്ടും കാണാതെ വന്നതോടെ വീണ്ടും വിളിച്ചു. തുറക്കാതായതോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. രാത്രി വീണ്ടും യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയോ മറ്റോ ചെയ്തതായി ബന്ധുക്കൾ സംശയിക്കുന്നു. ആതിരയുടെ മൊബൈൽഫോൺ അന്വേഷണത്തിനായി പൊലീസ് കൊണ്ടുപോയി. ആര്യയാണ് ആതിരയുടെ മറ്റൊരു സഹോദരി. മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു.
കോട്ടയം: ആതിരയുടെ ആത്മഹത്യ സൈബർ അധിക്ഷേപത്തിലൂടെയുള്ള കൊലപാതകമാണെന്ന് സഹോദരി ഭർത്താവും മണിപ്പൂരിലെ സബ്കലക്ടറുമായ ആശിഷ്ദാസ്. ഇതിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഇനിയൊരു പെൺകുട്ടിക്കും ഈ ഗതി വരരുതെന്നും ആശിഷ്ദാസ് ഫേസ്ബുക്കിൽ കുറിച്ചു. അഗ്നിരക്ഷാ സേനയിൽ ജോലി ചെയ്യുന്നതിനിടെ ഐ.എ.എസ് നേടി ശ്രദ്ധേയനായ ആളാണ് കൊല്ലം സ്വദേശിയായ ആശിഷ്ദാസ്. വിവരമറിഞ്ഞ് തിങ്കളാഴ്ച വൈകീട്ടാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
കോട്ടയം: ആതിര ആത്മഹത്യചെയ്ത സംഭവത്തിൽ അരുൺ വിദ്യാധരനായി അന്വേഷണം ഊർജിതമാക്കിയെന്ന് കടുത്തുരുത്തി പൊലീസ്. ഇയാൾ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. ഫോൺ ഓഫാണ്. അരുണിന്റെ കോതനല്ലൂരിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ആത്മഹത്യപ്രേരണക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.