ഇന്ധനവില വര്‍ധന: നികുതിയാണ് യഥാർഥ വില്ലനെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നൽകന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്കണം.

അന്താരാഷ്ട്രവിപണിയില്‍ യുപിഎയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തം.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്.

2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ന്നത്. പാചക വാതക വില 726 രൂപയായി കുതിച്ചുയര്‍ന്നു. ഈ മാസം ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ. നേരത്തെ നല്കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി. പെട്രോള്‍ 2.50 രൂപയും ഡീസലിന് 4 രൂപയും കാര്‍ഷിക സെസ് ചുമത്തിയെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ല. ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കാണ് കുറച്ചെങ്കിലും പ്രയോജനമുള്ളത്.

ഇന്ധനവില വര്‍ധന വന്‍ വിലക്കയറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുപിഎയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡില്‍ അടുക്കള കൂട്ടിയവരെയും ഇപ്പോള്‍ കാണാനില്ല. കോവിഡ് മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയെങ്കിലും കുറച്ച് സമാശ്വാസം എത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.  

Tags:    
News Summary - Fuel price hike: Oommen Chandy says tax is the real villain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.