കൊച്ചി: അഖിലേന്ത്യ സർവിസിൽ നിന്ന് വിരമിച്ചയാൾക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യൽ നടപടികളും അവസാനിക്കും വരെ പൂർണ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. അന്തിമ ഉത്തരവ് വരുന്നതുവരെ താൽക്കാലിക പെൻഷൻ മാത്രമേ അനുവദിക്കാനാവൂ. വിരമിച്ചതിനുശേഷവും നടപടി ക്രമങ്ങൾ തുടരുന്നുണ്ടെങ്കിൽ ഡി.സി.ആർ.ജി വിതരണവും പെൻഷൻ കമ്യൂട്ടേഷനും അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുൻ പൊലീസ് ഡയറക്ടർ ജനറൽ എസ്. പുലികേശിക്ക് ഡി.സി.ആർ.ജി തുകയും പെൻഷൻ കമ്യൂട്ടേഷനും അനുവദിക്കാൻ നിർദേശിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
2001ൽ സപ്ലൈകോ എം.ഡിയായിരിക്കെ അഴിമതിയാരോപിച്ച് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിനെ തുടർന്ന് വിരമിച്ചതിനുശേഷമുള്ള ആനുകൂല്യങ്ങൾ തടഞ്ഞത് ചോദ്യം ചെയ്താണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്. നിലവിൽ എറണാകുളം സി.ബി.ഐ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ ഭാഗമായി വകുപ്പുതല നടപടികളും ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.