ബ്രഹ്മപുരത്ത് ഇനി മുഴുസമയവും ഫയര്‍ വാച്ചര്‍മാർ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മുഴുസമയവും ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കാനും തീരുമാനം. തീപിടിത്തത്തെ തുടര്‍ന്ന് രൂപവത്കരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. കോര്‍പറേഷനാണ് ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനുള്ള ചുമതല.

ജാഗ്രത തുടരുകയാണെന്ന് യോഗത്തിൽ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. ഫയര്‍ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യസര്‍വേ പുരോഗമിക്കുകയാണ്. തുടര്‍ചികിത്സ ആവശ്യമുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താന്‍ നിര്‍ദേശിക്കും. ടെലിഫോണ്‍ വഴിയും സേവനം ലഭ്യമാക്കും. അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. മടങ്ങിപ്പോയ ഉദ്യോഗസ്ഥര്‍ക്ക് അതത് ജില്ലകളിലെ ജില്ല മെഡിക്കല്‍ ഓഫിസ് വഴി ആരോഗ്യപരിരക്ഷയും തുടര്‍ പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്. എക്സ്‌കവേറ്റര്‍ ഡ്രൈവര്‍മാര്‍, സിവില്‍ ഡിഫന്‍സ്, കോര്‍പറേഷന്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കും. അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

17ന് മാലിന്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് നടത്തും. ബ്രഹ്മപുരത്തെ വായു, വെള്ളം, മണ്ണ് എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കും. ഫലത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

Tags:    
News Summary - full-time fire watchers in Brahmapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.