ഭൂമിയില്ലാത്ത മൂന്ന്​ ബൈപാസുകൾക്ക്​ ഫണ്ട്​: പൊതുമരാമത്ത്​ വകുപ്പ്​ പാഴാക്കിയത്​ 54.08 കോടി

തിരുവനന്തപുരം: ഭൂമിയില്ലാതെ ബൈപാസ്​ റോഡിന്​ ഫണ്ട്​ അനുവദിച്ച പൊതുമരാമത്ത്​ വകുപ്പിന്​ നഷ്ടം 54.08 കോടി. പാലക്കാട്​ നഗരസഭയിലെ കൽമണ്ഡപം ബൈപാസ്​, നിലമ്പൂർ ബൈപാസ്​, കോതമംഗലം നഗരസഭയിലെ തങ്കളം ബൈപാസ്​ എന്നിവക്കാണ്​ പി.ഡബ്ല്യു.ഡി മാന്വലിലെ വ്യവസ്ഥ ലംഘിച്ച്​ തുക അനുവദിച്ചതെന്ന്​ കംപ്​ട്രോളർ ആൻഡ്​​ ഓഡിറ്റർ ജനറൽ (സി.എ.ജി) കണ്ടെത്തി. ഭൂലഭ്യത ഉറപ്പാക്കാതെയാണ്​ ഈ മൂന്ന്​ പ്രവൃത്തികളും തുടങ്ങിയത്​. ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാൽ ഇവ മൂന്നും പദ്ധതി നിർത്തിവെച്ചിരിക്കുകയാണ്​.

100 ശതമാനം ഭൂമി ലഭ്യമായ ശേഷമോ, പദ്ധതിക്ക്​ ആവശ്യമായ ഭൂമിയുടെ 60 ശതമാനം ലഭ്യമാണെങ്കിൽ, ബാക്കി നിർമാണവേളയിൽ ലഭ്യമാക്കാൻ കഴിയുമെങ്കിൽ സർക്കാറിന്‍റെ മുൻകൂർ അനുമതിയോടെയോ മാത്രമേ ടെൻഡർ ക്ഷണിക്കാൻ പാടുള്ളൂ.

റവന്യൂ വകുപ്പ്​ വസ്തുനിഷ്ഠമായ മൂല്യനിർണയം നടത്താതെയാണ്​ ഭരണാനുമതിക്കായുള്ള നിർദേശത്തിന്​ സർക്കാർ അംഗീകാരം നൽകിയത്​. ആവശ്യമായ ഭൂമിയുടെ വിസ്തൃതിക്ക്​ പകരം റോഡിന്‍റെ നീളം മാത്രമാണ് അതത് നിർദേശങ്ങളിൽ നൽകിയത്. ഭൂമി ഏറ്റെടുക്കാനുള്ള ഫണ്ട് പൂർണമായും ലഭിക്കുന്നതിന് മുമ്പും ഫണ്ടിന്‍റെ ലഭ്യത വിലയിരുത്താതെയുമാണ് പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയത്.

തങ്കളം ബൈപാസിന്‍റെ മൊത്തം ദൈർഘ്യത്തിൽ ഒരു പാലവുമുണ്ട്​. 1.83 കോടി രൂപ ചെലവിൽ 2011 സെപ്റ്റംബർ 30ന് പാലം നിർമാണം പൂർത്തിയായി. അതേസമയം, ബൈപാസ് റോഡിനായി സ്ഥലമെടുപ്പ് പൂർത്തിയാകാത്തതിനാൽ 10 വർഷമായി പാലം ഉപയോഗശൂന്യമാണ്. ബൈപാസിനായി കോതമംഗലം നഗരസഭയുടെയും എക്സൈസ് വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ ചെറിയ ഭാഗം ഏറ്റെടുക്കണം. 2022 ജനുവരിവരെ ഭൂമി കൈമാറ്റത്തിനായി നഗരസഭ നിരാക്ഷേപ പത്രം നൽകിയിട്ടില്ല. എക്സൈസ് വകുപ്പാകട്ടെ, ഭൂമി കൈമാറ്റത്തിന് എൻ.ഒ.സി നൽകാൻ തയാറല്ലെന്നാണ്​ സർക്കാർ വിശദീകരണം.

തങ്കളം ബൈപാസിന്‍റെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഫണ്ടിന്‍റെ പ്രധാന ഭാഗം (9.48 കോടി രൂപയിൽ 7.46 കോടി രൂപ) ഭരണാനുമതി നൽകിയശേഷം 2008-2015 കാലയളവിൽ ഗഡുക്കളായാണ് അനുവദിച്ചത്. 2013 സെപ്​റ്റംബറിനും 2016 നവംബറിനും ഇടയിൽ നിലമ്പൂർ ബൈപാസിനായി 35.2 കോടി രൂപ ഗഡുക്കളായി അനുവദിച്ചു. കൽമണ്ഡപം ബൈപാസിന് ഫണ്ട് അനുവദിച്ചിട്ടില്ല.

ബാധ്യതകൾ നീക്കി ഭൂമി ഏറ്റെടുക്കാനും റോഡ് പാലവുമായി ബന്ധിപ്പിക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടതിനാൽ ചെലവ് കൂടി. കാലതാമസം വന്നത്​ ഇതിനു പുറമെയാണ്​. റോഡ് നിർമാണത്തിനുള്ള 7.57 കോടി പാലം നിർമിച്ച 1.83 കോടി രൂപ, ഭൂമി ഏറ്റെടുക്കാൻ അനുവദിച്ച 44.68 കോടി രൂപയടക്കം 54.08 കോടി രൂപ പാഴായതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

കൽമണ്ഡപം ബൈപാസിനായി പാലക്കാട് നഗരസഭയുടെ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നുണ്ട് എന്നാണ്​ സർക്കാർ വിശദീകരണം. നിലമ്പൂർ ബൈപാസ് ഒന്നാം ഘട്ടത്തിൽ റവന്യൂ വകുപ്പിലെ നടപടിക്രമങ്ങൾ വൈകിയതാണ് നിർമാണം വൈകാൻ കാരണമെന്നും സാമ്പത്തിക നഷ്​ടം സംഭവിച്ചിട്ടില്ലെന്നുമാണ്​ സർക്കാർ പറയുന്നത്​.

Tags:    
News Summary - Funding for three landless bypasses: PWD squandered Rs 54.08 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.