ആലപ്പുഴ: ചേര്‍ത്തല–അരൂര്‍ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി കത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ദേശീയപാത പുനർനിർമാണത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണെന്ന് സുധാകരൻ പ്രതികരിച്ചു.
പുനർനിർമാണത്തിൽ വീഴ്ച വന്നിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച സുധാകരൻ, റോഡ് നിര്‍മാണം മികച്ച രീതിയിലാണ് നടന്നതെന്ന് പറഞ്ഞു. നിർമാണ പ്രവൃത്തികൾക്ക് മേല്‍നോട്ടം വഹിച്ചത് മികച്ച ഉദ്യോഗസ്ഥരാണെന്നും ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ജി. സുധാകരൻ മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി, എ.എം.ആരിഫ് എം.പിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയത്. ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ചേർത്തല വരെയുള്ള ഭാഗത്തിന്‍റെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
2019ലാണ് ദേശീയപാതയുടെ നിർമാണം നടത്തിയത്. അത്യാധുനിക ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. മൂന്ന് വർഷം ഗ്യാരണ്ടിയോടെയാണ് ദേശീയപാത നിർമിച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഒന്നര വർഷം കൊണ്ടു തന്നെ ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടു. ഇതിലൂടെ നിർമാണത്തിൽ അപാകതയുണ്ടെന്നാണ് സംശയിക്കുന്നതെന്നും വിജിലൻസ് അന്വേഷണം ആവശ്യമാണെന്നും എ.എം. ആരിഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.