കൊച്ചി: നാലു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാനായി ഓടി, വൈദ്യുതി തൂണിൽ വലിഞ്ഞുകയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി കുളപ്പുള്ളിപ്പറമ്പിൽ കെ.പി. രഞ്ജിത്താണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലാണ് സംഭവം.
സ്റ്റാൻഡിന് തൊട്ടടുത്തുള്ള അംബേദ്കർ സ്റ്റേഡിയത്തിനരികിൽ നിന്നാണ് രഞ്ജിത്തിനെ നാലു കിലോ കഞ്ചാവുമായി പിടികൂടിയത്. ഇയാൾ കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫും എറണാകുളം സെൻട്രൽ പൊലീസും ഇവിടെ കാത്തുനിൽക്കുകയായിരുന്നു. രഞ്ജിത്ത് എത്തിയപ്പോൾ പൊലീസ് പിടികൂടി, മഹസർ തയ്യാറാക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സ്റ്റേഡിയത്തിനകത്ത് കയറിയ യുവാവ് ഗ്യാലറിയിലൂടെ ഓടി, പിറകെ പൊലീസുമുണ്ടായിരുന്നു.
ഗ്യാലറിയിൽ നിന്ന് താഴെയുള്ള തകര ഷീറ്റിട്ട കടയുടെ മുകളിലേക്ക് യുവാവ് ചാടി. പിന്നാലെ ചുറ്റും പൊലീസ് വളഞ്ഞതോടെ പ്രതി തൊട്ടടുത്തുണ്ടായ പോസ്റ്റിന് മുകളിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു. ഇതിനിടെ കൈവിട്ടാണ് പ്രതി ലൈൻ കമ്പിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. അപ്പോൾതന്നെ വൈദ്യുതിലൈനിലേക്കുള്ള ബന്ധം പൊലീസ് വിച്ഛേദിച്ചെങ്കിലും രഞ്ജിത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ലൈനിനു മുകളിൽ കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്നാണ് താഴെയെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.