കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം കൊണ്ടുമാത്രം പലര്‍ക്കും ബോധമുണ്ടാകാത്തതിനാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. അതിനായി പഞ്ചായത്ത് രാജില്‍ നിയമ ഭേദഗതി വരുത്തിയിട്ടുണ്ട്. മാലിന്യ പ്ലാന്റ് ഉൾപ്പെടെയുള്ള വികസന കാര്യങ്ങളെ എതിര്‍ക്കുന്നവരുണ്ട്. അജ്ഞതയുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താം. എന്നാല്‍, ചിലയിടത്ത് ഗാലറിക്കുവേണ്ടി കളിക്കുന്ന ജനപ്രതിനിധികളും സമരം ഉപജീനമാര്ഗമാക്കിയവരുമുണ്ട്. ഇവര്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ട കാര്യമില്ല. സമര സമിതിയുടെ പേരില്‍ വന്‍തോതില്‍ പണം പിരിച്ച് ജീവിക്കുന്ന ഉദാഹരണങ്ങള്‍ ഒത്തിരിയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് ഭവന പദ്ധതിയില്‍ അതിദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കും. അതിനാവശ്യമായ ക്രമീകരണം നടത്തും. പദ്ധതി രൂപവത്കരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതിദരിദ്രര്‍ക്ക് പ്രാധാന്യം നല്‍കണം. രണ്ടുവര്‍ഷം കൊണ്ട് കേരളം അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, ടി. സരള, സി.എം. കൃഷ്ണന്, എം. ശ്രീധരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.