പട്ടാമ്പി: ഗ്യാസ് വില വർധിപ്പിക്കാനുള്ള മോദി സർക്കാർ തീരുമാനം സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പട്ടാമ്പിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ ഭക്ഷണത്തിന് വില വർധിപ്പിച്ചതിന് പിറകെയുള്ള നടപടിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരണം. എട്ടു വർഷത്തിനിടെ 700 രൂപയാണ് വർധിപ്പിച്ചത്. മോദി അധികാരത്തിലെത്തുമ്പോൾ 410 രൂപയായിരുന്ന ഗ്യാസ് വില 1110 ലെത്തി. വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് എം.വി.ഗോവിന്ദൻ ചോദിച്ചു. പെൻഷൻകാരെ സഹായിക്കാൻ രണ്ടു രൂപ സെസ് ചുമത്തിയപ്പോൾ കരിങ്കൊടി സമരം നടത്തിയവർ മോദിക്കെതിരെ കരിങ്കൊടി സമരം നടത്തുമോ? ബി.ജെ.പിയാണ് പ്രധാന ശത്രുവെങ്കിൽ എൽ.ഡി.എഫിനെതിരെയുള്ള ചാവേർ സമരം പിൻവലിച്ച് മോദിക്കെതിരെ കരിങ്കൊടി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചുവേളി ടെർമിനലിന് അനുവദിച്ച ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്റ് തിരുനൽവേലിയിലേക്ക് മാറ്റുന്നു. പുതിയ പാത വികസനത്തിന് കേരളത്തിന് 0.3 ശതമാനം മാത്രമാണ് അനുവദിച്ചത്. കേരളത്തിലെ റെയിൽവേ വികസനത്തോട് കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുന്നത് കോൺഗ്രസ് എം.പിമാരുടെ പരാജയം കൊണ്ടാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണ് കാണിക്കുന്നത്. 2020 ൽ കൊല്ലം കോർപറേഷനിൽ 500ഉം തൃശൂർ തളിക്കുളത്ത് 1217 ഉം വോട്ട് നേടിയ ബി.ജെ.പിക്ക് ഇപ്പോൾ കിട്ടിയത് യഥാക്രമം 47 ഉം 678 ഉം വോട്ടുകളാണ്. പ്രതികൂല സാഹചര്യത്തിലും 15 വാർഡുകളിൽ ജയിക്കാനും ഒരെണ്ണം പിടിച്ചെടുക്കാനും എൽ.ഡി.എഫിന് കഴിഞ്ഞു. എന്താണ് പ്രതികൂല സാഹചര്യം എന്ന ചോദ്യത്തിന് അത് നിങ്ങൾ മാധ്യമ പ്രവർത്തകർ ഉണ്ടാക്കുന്നത് തന്നെ എന്നായിരുന്നു പ്രതികരണം.
ത്രിപുര, മേഘാലയ ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് തോറ്റാലും ജയിച്ചാലും കൂട്ടുകെട്ട് ശരിയയാണെന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.