ആലപ്പുഴ: ജില്ലയിലെ കുപ്രസിദ്ധ കുറ്റവാളികൾ ചേർത്തലയിൽ സംഘം ചേർന്നതിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസ് വട്ടം ചുറ്റുന്നു. പൊലീസ് തേടുന്ന പ്രതികളടക്കമുള്ളവർ സുരക്ഷിത ഇടമെന്ന നിലയിലാണ് ആഘോഷത്തിനായി ചേർത്തല അയ്യപ്പൻചേരി തെരഞ്ഞെടുത്തതെന്നാണ് അറിയുന്നത്.
എന്നാൽ ഹരിപ്പാടുകാരന്റെ ജന്മദിനാഘോഷം ചേർത്തലയിൽ സംഘടിപ്പിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തൽ.
ഇതിന് സേനയിലെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിലാണ്. ലഹരി കടത്ത് ശൃംഖലയുടെ കേന്ദ്രീകരണമാണോയെന്ന സംശയവും ഉയർത്തുന്നു. അതേസമയം പൊലീസിലെ ചില ഉന്നതരുടെ പിന്തുണയാണ് ചേർത്തലയിൽ ആഘോഷം സംഘടിപ്പിക്കാൻ കാരണമായതത്രെ.
കായംകുളം ക്വട്ടേഷൻ ഗ്യാങ്ങുകൾക്ക് പൊലീസിലുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്. വിരമിച്ച പൊലിസ് മേധാവിയുമായുള്ള ഇവരുടെ ബന്ധം അടുത്തിടെ ചർച്ചയായിരുന്നു. ഇടുക്കിയിൽ പൊലീസിനെ അക്രമിച്ച പ്രതികളുമായുള്ള വഴിവിട്ട ബന്ധമാണ് പുറത്തുവന്നത്.
ഈ സംഘവുമായി അടുത്ത ബന്ധമുള്ളവരും ചേർത്തലയിൽ ഉണ്ടായിരുന്നതാണ് പൊലീസ് ഒത്താശ സംശയിക്കാൻ ഇടയാക്കിയത്. ഒരു ഡിവൈ.എസ്.പിക്കെതിരെയാണ് ആക്ഷേപമുയരുന്നത്. കായംകുളം, ഹരിപ്പാട്, കരീലക്കുളങ്ങര, കനകക്കുന്ന് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതികളായ ഭരണകക്ഷി ബന്ധമുള്ളവരാണ് പങ്കെടുത്തവരിൽ ഭൂരിഭാഗവും.
ഹരിപ്പാട്ടെ യൂത്ത് കോൺഗ്രസ് നേതാവ് സുനിൽകുമാറിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ രാഘിലിന്റെ ജന്മദിനാഘോഷ മറവിലായിരുന്നു ക്വട്ടേഷൻകാരുടെ ഒത്തുചേരൽ. കാപ്പ നിയമത്തിൽ ജില്ലയിൽ പ്രവേശന വിലക്കുള്ള പ്രതിയും നവകേരള സദസ്സിന്റെ സുരക്ഷ സേനയുടെ മറവിൽ ക്വട്ടേഷൻ അക്രമണം നടത്തിയ കേസിലെ പ്രതിയും ആഘോഷത്തിൽ പങ്കെടുത്തതാണ് പൊലീസീനെ വെട്ടിലാക്കിയത്.
സംഭവം വിവാദമായതോടെ മൊബൈൽ ഫോൺ ഓഫാക്കി പലയിടത്തേക്കായി പ്രതികൾ ചിതറിയത് അന്വേഷണത്തെ ബാധിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതിൽ മിക്കവരും ചൊവ്വാഴ്ച മാവേലിക്കര കോടതിയിൽ എത്തി.
ചേരിതിരിവിനെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകന് നേരെയുണ്ടായ വധശ്രമ കേസിലാണ് ഹാജരായത്. ചേർത്തല ആഘോഷത്തിൽ പങ്കെടുത്ത രാഘിൽ, ടോണി, ശ്യാംലാൽ, അരുൺ അന്തപ്പൻ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. ഇതിൽ അരുൺ ഒഴികെയുള്ളവരാണ് കോടതിയിൽ എത്തിയത്.
ജില്ലയിൽ പ്രവേശന വിലക്കുള്ള ശ്യാംലാൽ കോടതി പരിസരത്ത് എത്തി മടങ്ങുകയായിരുന്നത്രെ. വിവാദമായ വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാവായിരുന്ന നിഖിൽ തോമസും ഇതിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.