തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മ ഫൗണ്ടേഷന്‍റെ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം പ്രമുഖ സാമൂഹിക ആരോഗ്യ പ്രവർത്തകയും ക്യൂബൻ വിപ്ലവ നേതാവ് ചെഗുവേരയുടെ മകളുമായ ഡോ. അലീഡ ഗുവേരക്ക് സമർപ്പിച്ചു. ഒളിമ്പിയ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അലീഡക്ക് പുരസ്കാരം സമ്മാനിച്ചു.
ചെഗുവേരയും ഗൗരിയമ്മയും വേദനാനുഭവങ്ങളുടെ വഴി സ്വയം തെരഞ്ഞെടുത്തവരാണെന്നും അതിനാൽ ഗൗരിയമ്മയുടെ പേരിലുള്ള പുരസ്കാരം ചെഗുവേരയുടെ മകളിലേക്ക് എത്തുമ്പോൾ സവിശേഷമായ ഔചിത്യം പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം ജീവിതം സഫലമാകുന്നത് അന്യജീവന് ഉതകുമ്പോഴാണ്. ഇത് മാനദണ്ഡമാക്കിയാൽ ഗൗരിയമ്മയുടേത് പോലെ സഫലമായ ജീവിതം മറ്റ് അധികം പേർക്കുണ്ടാകില്ല. കേരളത്തിന്‍റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്വാധീനം ഗൗരിയമ്മ ചെലുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കരുത്തയായ പ്രവർത്തകയായ ഗൗരിയമ്മ നിർഭാഗ്യവശാൽ പാർട്ടിയിൽനിന്ന് പുറത്തായി.
ജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിക്കുന്നതും രണ്ടാം ആന്‍റണി മന്ത്രിസഭയിലും ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമാകുന്നതാണ് കേരളം കണ്ടത്. ആ രാഷ്ട്രീയ മാറ്റം ഗൗരിയമ്മയെ സ്നേഹിച്ചവരെ വേദനിപ്പിച്ചിട്ടുണ്ടാകും. ഗൗരിയമ്മ വീണ്ടും പാർട്ടിയോട് സഹകരിക്കുന്ന നിലയിലായി. അതാകട്ടെ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർക്കാകെ വലിയ സന്തോഷമാണ് പകർന്നുനൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ചരിത്രവുമായി വേർപ്പെടുത്താനാകാത്തവിധം ചേർന്നുനിന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. നാടിന്‍റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികംപേർ ലോകചരിത്രത്തിലുണ്ടാകില്ല. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും ചേർന്ന ജീവിതമായിരുന്നു അത്. ഡോ. അലീഡ ഗുവേര മറുപടി പ്രസംഗം നടത്തി.
അവാർഡ് നിർണയ ജൂറി അധ്യക്ഷൻ കൂടിയായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി അനുസ്മരണ പ്രഭാഷണം നടത്തി. ഗൗരിയമ്മ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ.പി.സി. ബുനാകുമാരി, എ.എം. ആരിഫ് എം.പി, സി.എസ്. സുജാത, പി.കെ. ശ്രീമതി, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.