കൊച്ചി: ജനപ്രതിനിധികളെയും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ലിംഗനീതി, സ്ത്രീസുരക്ഷ തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കാനൊരുങ്ങി വനിത ശിശുവികസന വകുപ്പ്. വനിത ശാക്തീകരണ കാമ്പയിന്റെ ഭാഗമായാണ് ഏകദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്.
ഇതിനുള്ള ഫണ്ട് വകുപ്പ് ഡയറക്ടർ അനുവദിച്ചു. ബോധവത്കരണത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കും ജെൻഡർ റിസോഴ്സ് പേഴ്സൺസ് മുഖേന ഓൺലൈൻ പരിശീലനം നൽകിയിരുന്നു, അംഗൻവാടി പ്രവർത്തകർക്ക് ഓൺലൈൻ ബോധവത്കരണ ക്ലാസും നൽകി.
ഗാർഹികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് ലഭ്യമാവുന്ന സേവനങ്ങൾ, സ്ത്രീ സുരക്ഷ എന്നിവയെ കുറിച്ചാണ് പ്രധാനമായും ബോധവത്കരണം നൽകുക. പൊതുജനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ ശരിയായ മാർഗനിർദേശം നൽകാൻ ഈ ക്ലാസുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. 100 പേരെ വീതം പങ്കെടുപ്പിച്ചാണ് ഐ.സി.ഡി.എസുകൾ ക്ലാസ് നടത്തേണ്ടത്. ജെൻഡർ അവയർനെസ്, പദ്ധതികൾ, സ്ത്രീധന നിരോധന -ഗാർഹികാതിക്രമ നിരോധന നിയമങ്ങൾ എന്നീ മൂന്നു വിഷയങ്ങളിൽ ഓരോ മണിക്കൂർ വീതവും ക്ഷേമസ്ഥാപനങ്ങളും സംവിധാനങ്ങളും, വകുപ്പ് നടപ്പാക്കുന്ന സുരക്ഷ പദ്ധതികൾ എന്നിവയെ കുറിച്ച് അരമണിക്കൂർ വീതവുമാണ് ക്ലാസ്.
ഇതിനായി ഓരോ ഐ.സി.ഡി.എസിനും 17,000 രൂപ എന്ന ക്രമത്തിൽ സംസ്ഥാനത്തെ 258 ഐ.സി.ഡി.എസുകൾക്കായി 43,86,000 രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലന പരിപാടിയുടെ ജില്ലതല മേൽനോട്ട ചുമതല ജില്ല വനിത-ശിശു വികസന ഓഫിസർമാർ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.