തിരുവനന്തപുരം: വിവാദ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട്. നേരത്തേ വിദ്യാഭ്യാസ വകുപ്പ് പൊതുജന ചർച്ചക്കായി തയാറാക്കിയ രേഖയിൽ ഉൾപ്പെടുത്തുകയും വിവാദമാവുകയും ചെയ്ത പ്രയോഗങ്ങൾ ഏറക്കുറെ പൂർണമായും ഒഴിവാക്കിയാണ് അടിസ്ഥാനരേഖയുടെ കരട് തയാറാക്കിയത്.
ലിംഗസമത്വം എന്ന പ്രയോഗം പൂർണമായും ഒഴിവാക്കി പകരം ലിംഗനീതി എന്ന പ്രയോഗം കൊണ്ടുവരുകയും ചെയ്തു. നേരത്തേ ലിംഗഭേദം പരിഗണിക്കാതെ ഇരിപ്പിടം ഒരുക്കുന്നതായിരുന്നു ചർച്ചക്കായി നൽകിയ കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. ആൺ- പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിട രീതി കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന വിമർശനം ഉയർന്നതോടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധത്തിലായി. വിഷയത്തിൽ ഇടപെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാഠ്യപദ്ധതി പരിഷ്കരണ രേഖയിൽ വിവാദത്തിന് ഇടനൽകരുതെന്ന് നിർദേശിച്ചിരുന്നു.
പാർട്ടി ചുമതലപ്പെടുത്തിയവരുടെ വായനക്ക് ശേഷമാണ് കരട് പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പുറത്തിറക്കിയത്. ലിംഗനീതിയിലേക്കെത്താൻ ലിംഗ വ്യത്യാസങ്ങൾ മാനിച്ചുകൊണ്ട് എല്ലാവർക്കും ഒരുപോലെ നേട്ടങ്ങൾ അനുഭവിക്കാൻ അവസരം ഒരുക്കണമെന്നും ചട്ടക്കൂടിൽ പറയുന്നു. പരമാവധി ലിംഗസ്വത്വങ്ങളെ ഉൾക്കൊള്ളുന്നതും വ്യത്യസ്തതകളെ അംഗീകരിക്കുന്നതുമായ സമീപനം സ്വീകരിക്കണം. ഒന്നിച്ചുള്ള ഇരിപ്പിടം എന്ന പ്രയോഗം ഒഴിവാക്കി പകരം ‘സഹവർത്തിത പഠനരീതി’ പരിപോഷിപ്പിക്കും എന്ന് കരട് രേഖയിൽ പറയുന്നു.
സഹവർത്തിത സംസ്കാരം വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും പ്രതിഫലിപ്പിക്കണം. വിദ്യാലയത്തിന്റെ ഗുണമേന്മ വിലയിരുത്തലിൽ ജൻഡർ ഓഡിറ്റിങ് ഘടകമായി പരിഗണിക്കണം. വിവേചനങ്ങളെ സാധൂകരിക്കുന്നതോ ആദർശവത്കരിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ, ചിത്രീകരണങ്ങൾ, ഭാഷ, പെരുമാറ്റങ്ങൾ എന്നിവ പാഠ്യപദ്ധതി, പാഠപുസ്തകം, വിനിമയ പ്രക്രിയ, വിദ്യാലയാന്തരീക്ഷം എന്നിവയിൽനിന്ന് ഒഴിവാക്കണമെന്നും രേഖയിൽ നിർദേശിക്കുന്നു. പാഠ്യപദ്ധതി, സിലബസ്, പാഠപുസ്തകം, പഠനപ്രക്രിയ എന്നിവ നിരന്തരം ജൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണം.
എല്ലാ വിഷയങ്ങളുടെയും പഠനത്തിൽ ലിംഗനീതിയിൽ അധിഷ്ഠിത കാഴ്ചപ്പാട് പ്രതിഫലിപ്പിക്കണം. പൊതുബോധത്തെ തിരുത്തുന്ന സഹായകവേദി എന്നനിലയിൽ സ്കൂൾ പി.ടി.എ, ക്ലാസ് പി.ടി.എകൾ ഉയർന്നുപ്രവർത്തിക്കണം. അധ്യാപകർക്കിടയിലും വേർതിരിവില്ലാതെ പൊതുയിടങ്ങൾ സൃഷ്ടിച്ച് മാതൃകയാകണം. സ്ത്രീ, പുരുഷൻ എന്നതിലുപരി ലിംഗഭേദങ്ങൾ സമൂഹത്തിലുണ്ട്. ലിംഗഭേദം ഒരു വർണരാജിയാണ്. പ്രത്യേക ലിംഗവിഭാഗത്തിൽപെടുന്നതിനാൽ വിവേചനങ്ങളും അതിക്രമങ്ങളും നേരിടേണ്ട അവസ്ഥയുണ്ട്.
ലിംഗനീതിയിലധിഷ്ഠിത വിദ്യാഭ്യാസം മെച്ചപ്പെട്ട സാമൂഹിക വ്യവസ്ഥയും വികസനവും ഉറപ്പാക്കുന്നതിന് വഴിയൊരുക്കുമെന്നും കരട് ചട്ടക്കൂടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.