അഞ്ചു വര്‍ഷം കൂടെ താമസിപ്പിച്ച കാമുകിയെ ഒഴിവാക്കാൻ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക്​ ജീവപര്യന്തം കഠിനതടവ്​

തൃശൂർ: അഞ്ചു വര്‍ഷത്തിലധികമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിയെ ഒഴിവാക്കുന്നതിന് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അര ലക്ഷം പിഴയും ശിക്ഷ. പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയില്‍ വീട്ടില്‍ അബൂ താഹിറിനെ (42) ആണ് തൃശൂർ നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്. ഭാരതി ശിക്ഷിച്ചത്.

പിഴയടക്കാത്ത പക്ഷം ആറ് മാസം കൂടുതലായി കഠിനതടവ് അനുഭവിക്കണം. 2015 സെപ്​റ്റംബര്‍ 18ന് രാത്രി 11ന്​ പുതിയഞ്ചേരിക്കാവ് കൂട്ടുകളുത്തിനു സമീപമുള്ള റോഡരികിലാണ് കൊലപാതകം നടന്നത്​. വടക്കേക്കാട് കൊമ്പത്തേല്‍പ്പടി വാലിയില്‍‌ വീട്ടില്‍ മൊയ്തുണ്ണിയുടെ മകള്‍ ഷമീറയെ (34) ആണ് കൊലപ്പെടുത്തിയത്. അഞ്ച് വർഷം അബൂതാഹിറും ഷമീറയും ഒരുമിച്ച് താമസിക്കുകയായിരുന്നു. നേരത്തെ ഗുരുവായൂരില്‍ നടന്ന ഒരു കൊലപാതകശ്രമക്കേസില്‍ ഇരുവരും ജയിലില്‍ ശിക്ഷയനുഭവിച്ചിരുന്നു.

തുടര്‍ന്ന് അബൂതാഹിറിന്‍റെ മാതാപിതാക്കള്‍ ഇയാളെ ജാമ്യത്തിലിറക്കുകയും, ഷമീറയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അബൂതാഹിര്‍ ബന്ധം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, സംഭവ ദിവസം കൊലപാതകകേസിന്‍റെ വിചാരണക്ക് പോകും വഴി ഇരുവരും കണ്ടുമുട്ടുകയും തുടര്‍ന്ന് അന്ന്​ മുഴുവന്‍ ഇരുവരും ഒന്നിച്ച് ചെലവഴിക്കുകയുമായിരുന്നു. അന്ന് രാത്രി ഷമീറക്കൊപ്പം സ്വന്തം വീട്ടില്‍ച്ചെന്ന അബൂതാഹിറിനെ പിതാവ് വീട്ടില്‍ കയറ്റാതെ പുറത്താക്കി. തുടര്‍ന്ന് വേര്‍പിരിയുന്നത് സംബന്ധിച്ച് അബൂതാഹിറും ഷമീറയും റോഡില്‍ വെച്ച് തര്‍ക്കത്തിലേര്‍പ്പെട്ടു.

ബന്ധം വേര്‍പെടുത്താൻ ഷമീറ തുക ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഇവരെ പ്രതി അരയില്‍ സൂക്ഷിച്ച കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. അബുതാഹിര്‍ തന്നെയാണ് പിറ്റേന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായി കൊലപാതക വിവരം അറിയിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പബ്ലിക്​ പ്രോസിക്യൂട്ടര്‍ വാദം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 47 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. 31 സാക്ഷികളെയും വിസ്തരിച്ചു.

കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.എ. കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്. ദൃക്​സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും ലഭ്യമായ സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കി പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക്​ പ്രോസിക്യൂട്ടര്‍ ഡിനി പി. ലക്ഷ്മണിന്‍റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

Tags:    
News Summary - Girlfriend stabbed to death; Defendant faces life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.