അരൂർ: ആഗോള സാമ്പത്തിക മാന്ദ്യവും ചെങ്കടൽ പ്രതിസന്ധിയും രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതിക്ക് വെല്ലുവിളിയാകുന്നത് ജില്ലക്കും തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ സമുദ്രോൽപന്ന കയറ്റുമതി വ്യവസായം ഏറ്റവുമധികം കേന്ദ്രീകരിച്ച അരൂർ മേഖലയിലെ തൊഴിൽ -സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലാണ്.
കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഉചിത നടപടി സ്വീകരിച്ചില്ലെങ്കിൽ സമുദ്രോൽപന്ന കയറ്റുമതിയെ ആശ്രയിക്കുന്ന അരൂർ, എഴുപുന്ന, കുത്തിയതോട്, കോടം തുരുത്ത്, തുറവൂർ, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും അനുബന്ധ തൊഴിൽ മേഖലകളെ ആശ്രയിക്കുന്ന നൂറുകണക്കിനാളുകളും തൊഴിലില്ലാത്തവരായി മാറും. യൂറോപ്പിനെ ബാധിച്ച സാമ്പത്തിക മാന്ദ്യം സമുദ്രോൽപന്ന കയറ്റുമതി ആവശ്യകത കുറച്ചിരിക്കുകയാണ്.
ഏതാനും മാസങ്ങളായി ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതിയിൽ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സാഹചര്യം മനസ്സിലാക്കി ചൈന തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിലെ ചരക്കുകൾക്ക് ഡിമാൻഡ് കുറക്കുന്നുണ്ടെന്ന് വ്യവസായികൾ പറയുന്നു.
ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തെ തുടർന്ന് ചെങ്കടൽ വഴി ചരക്കു നീക്കത്തിൽ രൂപപ്പെട്ട പ്രതിസന്ധി കയറ്റുമതിക്കുള്ള മറ്റൊരു തിരിച്ചടിയാണ്. ഇതുമൂലം കപ്പൽ സർവിസുകളുടെ എണ്ണം കുറയുകയും കടത്തു കൂലി ഉയരുകയും ചെയ്തു. ഇത് മത്സ്യ സംസ്കരണ കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിക്കുന്നു.
ചെങ്കടൽ പ്രതിസന്ധി രൂക്ഷമായതോടെ കണ്ടെയ്നർ നിരക്ക് 20 -25 ശതമാനം ഉയർന്നിട്ടുണ്ട്. നേരത്തെ കൊച്ചിയിൽനിന്നു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന് 20-25 ദിവസം എടുത്തിരുന്ന സ്ഥാനത്ത് നിലവിൽ 10-15 ദിവസം കൂടി അധികമെടുക്കുന്നു. ഈ സ്ഥിതി തുടരുന്നത് കണ്ടെയ്നറുകളുടെ ലഭ്യതയെ ബാധിച്ചേക്കും എന്നാണ് ആശങ്ക.
പൊതുവേ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ മുതൽ ഡിസംബർ വരെ മാസങ്ങളിലാണ് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. സമുദ്രോൽപന്ന കയറ്റുമതിയിൽ 20 -35 ശതമാനം നടക്കുന്നതും ഈ സീസണിലാണ്. എന്നാൽ 2023 ഇക്കാലയളവിൽ ഓർഡറുകൾ സാധാരണയിൽനിന്നു 30 ശതമാനത്തോളം കുറഞ്ഞതായി വ്യവസായികൾ പറയുന്നു.
വ്യവസായികൾ അയൽ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതും കൂടുതൽ സ്ഥാപനങ്ങൾ ആന്ധ്രയിലും തമിഴ്നാട്ടിലും കർണാടകത്തിലും തുറക്കുന്നതും അരൂർ മേഖലയിലെ കയറ്റുമതി വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കൃഷിയും കയറും അരൂർ മേഖലയിലെ തൊഴിൽ രംഗത്തെ തുണയ്ക്കാതിരുന്നപ്പോൾ രക്ഷയായെത്തിയ മത്സ്യസംസ്കരണമേഖലയാണ് ഇപ്പോൾ ഒഴിഞ്ഞു പോകുന്നത്.
കേരളത്തിന്റെ കടലോരത്ത് നിന്നു ചെമ്മീൻ ഒഴിഞ്ഞുപോകുന്നതും കാലാവസ്ഥാ വ്യതിയാനം കടുത്ത മത്സ്യക്ഷാമം ഉണ്ടാക്കുന്നതും കയറ്റുമതിക്ക് വെല്ലുവിളിയാണ്. ആന്ധ്ര, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സ്യപ്പാടങ്ങളിൽ വളർത്തുന്ന വനാമി ചെമ്മീനുകളാണ് കുറെ വർഷങ്ങളായി കയറ്റുമതി വ്യവസായത്തെ പിടിച്ചുനിർത്തിയത്. അവിടങ്ങളിൽനിന്നു ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ സംസ്കരിച്ച് കയറ്റുമതി ചെയ്യുകയായിരുന്നു വ്യവസായികൾ ചെയ്തുകൊണ്ടിരുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കയറ്റുമതി വ്യവസായശാലകളിൽ ജോലിക്ക് എടുക്കാൻ തുടങ്ങിയതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നുതുടങ്ങി.
ചെമ്മീൻ ഇറക്കുമതി ചെയ്ത് സംസ്കരിച്ച് കൊടുക്കുന്നതിനു പകരം ചെമ്മീൻ കിട്ടുന്ന സംസ്ഥാനങ്ങളിൽതന്നെ സംസ്കരിക്കാൻ സംവിധാനം ഉണ്ടാക്കുന്നതിനെകുറിച്ച് വ്യവസായികൾ ആലോചിച്ചു തുടങ്ങിയിരുന്നു.
അരൂർ മേഖലയിലെ പ്രമുഖ വ്യവസായികളിൽ പലരും അയൽ സംസ്ഥാനങ്ങളിൽ കയറ്റുമതി വ്യവസായശാലകൾ പുതുതായി തുടങ്ങുകയോ വാടകയ്ക്ക് കമ്പനികൾ ഏറ്റെടുത്തുനടത്തുകയോ ചെയ്യാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.