വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അബൂദബിയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന സിഗരറ്റിന്റെ 40,600 സ്റ്റിക്കുകള്‍ പിടികൂടി.
ഇതിന് വിപണിയില്‍ 7.31 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പിടിച്ചെടുത്ത വ്യാജ സിഗരറ്റ് 6,39,278 സ്റ്റിക്കുകളാണ്. ഇതിന് പൊതു വിപണിയില്‍ 1.01 കോടി രൂപ വില വരും.
മറ്റ് രണ്ട് കേസുകളിലായി കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ ഇയര്‍പോഡിന്റെ ചാര്‍ജിങ് അഡോപ്റ്ററിനുളളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിക്കൊണ്ടുവന്ന 182.44 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയില്‍ 11.47 ലക്ഷം രൂപ വിലവരും. ഇതേ യാത്രക്കാരന് പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോ എന്ന നമ്പറിലുള്ള ഫോണ്‍ പൊളിച്ച ശേഷം പി.സി.ബിയും അനുബന്ധ സാധനവും ഇളക്കിമാറ്റി സ്വര്‍ണമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുളള വസ്തു ഫോണിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതും അധികൃതര്‍ പിടിച്ചെടുത്തു.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിലകൂടിയ ഫോണിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ പിടിച്ചെടുക്കുമോയെന്നുള്ള പരീക്ഷണം നടത്തിയതാണെന്നും കടത്തുകാരന് തുറന്നുപറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു കേസില്‍ യാത്രക്കാരനില്‍നിന്ന് ശരീരത്തില്‍ അണിഞ്ഞുകൊണ്ടുവന്ന 199.79 ഗ്രാം തൂക്കം വരുന്ന രണ്ട് ചങ്ങല മാലകളും അധികൃതര്‍ പിടിച്ചെടുത്തു. ഇതിന് പൊതു വിപണിയില്‍ 12.57 ലക്ഷം രൂപ വില വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.