പാലക്കാട്: വൈദ്യുതി സ്വയംപര്യാപ്തതക്ക് സ്വകാര്യവത്കരണ നിർദേശവുമായി കെ.എസ്.ഇ.ബി ചെയർമാൻ. സർക്കാർ-കെ.എസ്.ഇ.ബി സംയുക്ത സംരംഭമായ റിന്യുവബ്ൾ പവർ കോർപറേഷൻ കേരള ലിമിറ്റഡിനെ (ആർ.പി.സി.കെ.എൽ) കേരള സ്റ്റേറ്റ് ഗ്രീൻ എനർജി കമ്പനിയാക്കി ബോണ്ടുകളിറക്കിയും നിക്ഷേപം സ്വീകരിച്ചും സ്വകാര്യപങ്കാളിത്തത്തോടെ വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതിൽ അഭിപ്രായമറിയിക്കാൻ ഓഫിസർമാരുടെ സംഘടനകളോട് ചെയർമാൻ നിർദേശിച്ചു. 2030 ഓടെ 10,000 മെഗാവാട്ട് സ്ഥാപിതശേഷി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ മൂന്ന് മുതൽ ഏഴു വർഷത്തിനുള്ളിൽ 45,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ആവശ്യം. വായ്പയെടുക്കാനുള്ള സാമ്പത്തിക സ്ഥിതി തൽക്കാലം കെ.എസ്.ഇ.ബിക്കില്ല. ഇൗ സാഹചര്യത്തിൽ ആർ.പി.സി.കെ.എല്ലിനെ സോളാർ എനർജി കോർപറേഷനും കെ.എസ്.ഇ.ബിയും ചേർന്ന് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാതൃകയിൽ പെതുജന പങ്കാളിത്ത കമ്പനിയാക്കാൻ ഉദ്ദേശിക്കുന്നതായി ചെയർമാൻ സംഘടനകൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
ജീവനക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും എച്ച്.ടി- ഇ.എച്ച്.ടി ഉപഭോക്താക്കളിൽനിന്നും ഡെപ്പോസിറ്റായും പണം സ്വരൂപിക്കാം. ജീവനക്കാരുടെയും മറ്റ് നിക്ഷേപങ്ങൾ ഇക്വിറ്റിയായി മൂന്നാം വർഷം മുതൽ ലാഭവിഹിതം നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറയുന്നു. ഈ സാഹചര്യത്തിൽ ജലവൈദ്യുതി പദ്ധതികൾ, ഹൈഡൽ-പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ എന്നിവയുടെ കാര്യത്തിൽ നയപരമായ മാറ്റം വരുത്തേണ്ടതുണ്ട്.
25 മെഗാവാട്ടിന് താഴെയുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, സ്റ്റാർട്ട് അപ്, എച്ച്.ഡി-ഇ.എച്ച്.ടി ഉപഭോക്താക്കൾ തുടങ്ങിയവയുടെ മൂലധന മുടക്കിൽ പവർ പർച്ചേസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലും 25 മെഗാവാട്ടിന് മുകളിലുള്ള പദ്ധതികൾ മറ്റുള്ളവരിൽനിന്ന് മൂലധനം സ്വരൂപിച്ചും നടപ്പാക്കണം. ഏകദേശം 2000-3000 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിലൂടെ അടുത്ത മൂന്ന്-അഞ്ച് വർഷത്തിനകം സ്ഥാപിക്കും. നിലവിൽ 14,000 കോടി രൂപയുടെ ആസ്തിയാണ് കെ.എസ്.ഇ.ബിക്കുള്ളത്. 1700 കോടി രൂപയുടെ വിടവാണ് താരിഫ് പെറ്റീഷനിൽ നഷ്ടം കാണിച്ചിട്ടുള്ളത്. സഞ്ചിത നഷ്ടം 9,000 കോടിയോളം വരും. പൊതുമേഖല ബാങ്കുകളിൽ 14,000 കോടി കടമുണ്ട്. ഈ സാഹചര്യത്തിൽ 5000 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനുള്ള വായ്പയെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. 900 കോടി രൂപ വൈദ്യുതി വാങ്ങാൻ ചെലവിടുന്നുണ്ട്. വായ്പയും ഓവർഡ്രാഫ്റ്റുമായി ആകെ 10874 .26 കോടി രൂപയുണ്ട്. 1750 കോടി രൂപ പ്രതിമാസ വരുമാനം ലഭിക്കുമ്പോൾ 1950 കോടിയാണ് ചെലവ്.
വൻ പലിശക്ക് പുറത്തുനിന്ന് വായ്പയെടുത്ത് ഓവർഡ്രാഫ്റ്റ് എടുത്താണ് ദൈനംദിന ചെലവുകൾ നടത്തുന്നത്. ഒരു മാസം വൈദ്യുതി വാങ്ങാൻ 900 കോടി രൂപയും തിരിച്ചടവിന് 300 കോടിയും ആവശ്യമാണ്. ഇനി വായ്പ എടുക്കാനാകാത്ത സാഹചര്യമാണെന്നും ചെയർമാൻ വ്യക്തമാക്കുന്നു. ഡിസംബർ 10നകം അഭിപ്രായമറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.