തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ദീർഘകാല അവധിയെടുക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള അവസ്ഥയിലും മറ്റ് അടിയന്തര സാഹചര്യത്തിലുമല്ലാതെ ജീവനക്കാർക്ക് ദീർഘകാല അവധി അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരിൽ ചിലർ ഇടവിട്ട് ദീർഘകാല അവധിയെടുക്കുന്ന പ്രവണത പദ്ധതി നിർവഹണത്തെ സാരമായി ബാധിക്കുന്നെന്നും പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്നതിന് അത് തടസ്സമാകുന്നെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദീർഘകാല അവധി അപേക്ഷകൾ തീർപ്പാക്കുംമുമ്പ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഉറപ്പാക്കണം. ആശുപത്രിവാസം വേണ്ടിവരുന്നവർക്കും അതിന് സമാനമായ പരിചരണം വേണ്ടവർക്കും മാത്രമേ ദീർഘകാല അവധി അനുവദിക്കാവൂ. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കർശനമായി പാലിക്കണം.
മെഡിക്കൽ ഗ്രൗണ്ടിലോ അടിയന്തര സാഹചര്യത്തിലോ ജില്ലകളിൽ ലഭിക്കുന്ന അപേക്ഷകൾ ജില്ല ജോയന്റ് ഡയറക്ടറും സംസ്ഥാനതലത്തിൽ ലഭിക്കുന്ന അപേക്ഷകൾ അഡീഷനൽ ഡയറക്ടറും (ഡി.ഇ) പരിശോധിച്ച് ബോധ്യപ്പെട്ട് അവധി അനുവദിക്കാൻ നിയന്ത്രണ അധികാരികൾക്ക് അനുമതി നൽകാം. അപ്രകാരം അനുമതി ലഭിച്ചശേഷമേ ചുമതലപ്പെട്ട അധികാരി അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ പാടുള്ളൂ.
ഓഫിസുകളിലെ പ്രവർത്തങ്ങൾക്ക് ഭംഗംവരാത്ത വിധത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തണം. ഈ വിവരം അവധി അനുവദിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവിൽ പരാമർശിക്കണം.
ഇതുസംബന്ധിച്ച വീഴ്ചക്ക് ജില്ല ജോയന്റ് ഡയറക്ടർ, അഡീഷനൽ ഡയറക്ടർ (ഡി.ഇ) എന്നിവർക്കാകും ഉത്തരവാദത്തം. നിർദേശം ജീവനക്കാരും കൃത്യമായി പാലിക്കണം. വീഴ്ച്ച വരുത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.