തലയോലപ്പറമ്പ്: കഥകളുടെയും സൗഹൃദങ്ങളുടെയും സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീർ തന്റെ കഥാപാത്രങ്ങളെയും പ്രിയപ്പെട്ടവരെയും ഉറ്റവരെയും വേർപിരിഞ്ഞ് തലയോലപ്പറമ്പിൽനിന്ന് കുടുംബസമേതം ബേപ്പൂരിലേക്ക് താമസം മാറിയതിന് 60 വർഷം. നവംബർ 28നായിരുന്നു ജന്മനാട്ടിൽനിന്നുള്ള മടക്കം.
സ്വന്തമായുണ്ടായിരുന്ന എറണാകുളത്തെ ബഷീർ ബുക്ക് സ്റ്റാൾ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന് കൈമാറിയ പണംകൊണ്ടാണ് 1958ൽ തലയോലപ്പറമ്പ് ടൗണിന്റെ ഹൃദയഭാഗത്ത് പന്ത്രണ്ടര സെന്റ് സ്ഥലം വാങ്ങിയത്. 1960ൽ ഈ സ്ഥലത്ത് പഴമ നിലനിർത്തി അസഹർ കോട്ടേജ് എന്ന പേരിൽ വീട് നിർമിച്ചു. നാട്ടിൽ ഉമ്മയുടെയും സഹോദരങ്ങളുടെയും അടുത്ത് താമസിക്കണമെന്ന ആഗ്രഹത്തെതുടർന്നാണ് തലയോലപ്പറമ്പിൽ പുതിയ വീട് സ്വന്തമാക്കിയത്. മൂത്ത മകൾ ഷാഹിന ഇവിടെയാണ് ജനിച്ചത്. കോഴിക്കോട് നിന്നുള്ള വിവാഹശേഷം നാട്ടിലേക്ക് വരില്ലെന്ന് കുടുംബാംഗങ്ങൾ വിചാരിച്ചിരുന്നതിനിടെയാണ് തലയോലപ്പറമ്പിൽ അദ്ദേഹം താമസം തുടങ്ങിയത്. തലയോലപ്പറമ്പിലെ താമസം ബഷീറിന് ഏറെ ഇഷ്ടമായിരുന്നുവെങ്കിലും ഭാര്യ ഫാബിയുടെ പിതാവിന്റെ മരണത്തോടെ കോഴിക്കോട് ബേപ്പൂർ തിരുവണ്ണൂരിലേക്ക് താമസം മാറ്റേണ്ടിവന്നു.
തുടർന്ന് 1960 മുതൽ 1964 വരെ താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീടും സ്ഥലവും 1964 നവംബർ 28ന് ഫെഡറൽ ബാങ്കിന് വിറ്റു. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസുമായിട്ടുള്ള സൗഹൃദമായിരുന്നു ഇവരിലേക്ക് സ്ഥലം എത്തിപ്പെടാൻ കാരണം. തൊട്ടടുത്ത വർഷം അസഹർ കോട്ടേജിൽ ബാങ്ക് പ്രവർത്തനം തുടങ്ങി. ബഷീറിന്റെ വേർപാടിനുശേഷം കെ.പി. ഹോർമിസിന്റെ മകൻ രാജു ഹോർമിസ് മുൻകൈയെടുത്ത് ഫെഡറൽ ബാങ്കിന്റെ ഈ ശാഖ പുതുക്കിപ്പണിത് കേരളത്തിലെ പ്രഥമ ബഷീർ സ്മാരകമാക്കി. ബഷീർ ഓർമകൾ ജന്മനാട്ടിൽ സജീവമാണെന്ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണനും ജനറൽ സെക്രട്ടറി പി.ജി. ഷാജിമോനും ട്രഷറർ ഡോ. യു. ഷംലയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.