കൊടിയത്തൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒരു സത്രീ കൂടി അറസ്റ്റിൽ. മാട്ടുമുറിക്കൽ സന്തോഷ് കുമാറിന്‍റെ ഭാര്യ ഷൈനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മാട്ടുമുറി സ്വദേശി വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറിക്കൽ സന്തോഷ് കുമാർ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
അറസ്റ്റ് ചെയ്ത ഷൈനിയെ താമരശേരി കോടതി മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ നിന്ന് 24.26 ലക്ഷം രൂപയും കാർഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമുഴി ശാഖയിൽ നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി സംഘം കൈക്കലാക്കിയത്.
അതേസമയം കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽ പന്ത്രണ്ട് പവനോളം മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് ഒളിവിലാണെന്നാണ് സൂചന. ബാബുവിനെതിരെ കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖ മാനേജർ രശ്മി എസ്.രഘു പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം ബാബു പൊലുകുന്നത്ത് ഇത്തരമൊരു കൃത്യം ചെയ്യില്ലെന്ന് നാട്ടുകാരും പാർട്ടി പ്രാദേശിക നേതൃത്വവും പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കയ്യിലുള്ള സ്വർണ്ണം പണയം വെക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വിഷ്ണു ബന്ധപ്പെട്ടതിനെ തുടർന്ന് ബാബു പൊലുകുന്നത്ത് ഒപ്പിട്ടു നൽകുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.