കോട്ടയം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതിന് അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടർമാർ സഹപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് മൊഴി. പിടിയിലായ കള്ളക്കടത്ത് സംഘത്തിൽപ്പെട്ടവർ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനുമാണ് (ഡി.ആർ. ഐ) ഇങ്ങനെ മൊഴി നൽകിയത്. ഇതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് വിമാനത്താവളം വഴി സ്വർണം കടത്തിയ കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ്, നിതിൻ എന്നിവരെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്ത് സംഘവുമായി ഒത്തുകളിച്ച് രണ്ട് ഉദ്യോഗസ്ഥരെ കുരുക്കാൻ അറസ്റ്റിലായ ഒരു ഇൻസ്പെക്ടർ ശ്രമിച്ചെന്ന ശബ്ദരേഖയും ലഭിച്ചു. കസ്റ്റംസ് സൂപ്രണ്ടിനെതിരെ പോലും നീക്കം നടത്തിയതായി സംശയമുണ്ട്. അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 150 കിലോ സർണം കടത്തിയതായാണ് കരുതുന്നത്.
വിമാനത്താവളത്തിൽ പുതുതായി ജോലിക്കെത്തിയ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് പിടിക്കാൻ തുടങ്ങിയതോടെയാണ് അവരെ കേസിൽ കുരുക്കാൻ നീക്കം നടന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വർണക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തിന് തടസ്സം നിന്ന ഒരു വനിത ഉൾപ്പെടെ ഉദ്യോഗസ്ഥരെ കുടുക്കാനും ഇവർ പദ്ധതിയിട്ടു.
കാരിയറായി ഒരു സ്ത്രീയെ അയച്ചാണ് വനിത ഉദ്യോഗസ്ഥയെ കുടുക്കാൻ ശ്രമിച്ചത്. സ്വർണം കടത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വനിത ഉദ്യോഗസ്ഥ യാത്രക്കാരിയെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഈ സ്ത്രീയെ കൊണ്ട് ഉദ്യോഗസ്ഥക്കെതിരെ പരാതി നൽകാനായിരുന്നു പദ്ധതി. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം തുടങ്ങിയിട്ട് നാളുകൾ ഏറെയായെന്നും പറയുന്നു. മുമ്പ് കസ്റ്റംസിലെ ഉന്നതനെ സ്വർണക്കടത്തിൽ പിടികൂടിയതും പിന്നീട് അത് വ്യാജമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നതും ഈ തർക്കങ്ങളുടെ ഭാഗമായിരുന്നു. സ്വർണക്കടത്തിലെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടർന്ന് 14 ഉദ്യോഗസ്ഥരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഫോണുകൾ നിരീക്ഷണത്തിലാക്കിയിട്ടും ഇപ്പോഴും സ്വർണക്കടത്തിന് ഉദ്യോഗസ്ഥ പിന്തുണയുണ്ടെന്ന നിലയിലാണ് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.