തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് എൻഫോഴ്സ്മെൻറ് നിര്‍ബന്ധിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി സന്ദീപ് നായര്‍. ശനിയാഴ്ച ജയിൽ മോചിതനായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദീപ്.
മുഖ്യമന്ത്രിക്കും ഓഫിസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാമെന്ന് മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനമാണ് ഇ.ഡി നല്‍കിയത്. മുന്‍മന്ത്രി കെ.ടി. ജലീല്‍, മുൻ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെയും മൊഴി നല്കാന് നിര്‍ബന്ധിച്ചു. ബിനീഷ് കോടിയേരിക്കെതിരെ മൊഴി നല്കാൻ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കെതിരായ കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി തന്നെ മാപ്പുസാക്ഷിയാക്കിയതെന്ന് സന്ദീപ് പറയുന്നു.
നിരവധി പേപ്പറുകളില്‍ ഒപ്പിടാന്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍ സമ്മർദത്തിലായി. ജലീലിന് കോണ്‍സുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാനായിരുന്നു നിര്‍ബന്ധിച്ചത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തെൻറ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിെൻറ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന് സ്വപ്നയുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവര്‍ വഴി ശിവശങ്കറിനെ പരിചയപ്പെട്ടു. ലൈഫ് മിഷന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ചാരിറ്റി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചുകൊടുത്ത ഭൂമിയില്‍ യു.എ.ഇ കോണ്‍സുലേറ്റ് നിര്‍മാണം നടത്തുകയാണ് ചെയ്തത്. ഇതിന് ബില്‍ഡറെ ഏര്‍പ്പാടാക്കിയത് താനാണ്. ആ വകയില്‍ കമീഷന് കിട്ടിയെന്നും ഇതിന് നികുതി അടച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു.
കോണ്‍സുലേറ്റില്‍ ചെറിയ ചില പരിപാടികള്‍ ചെയ്തിരുന്നു. അങ്ങനെ ഖാലിദിനെ അറിയാമെങ്കിലും പരിചയപ്പെട്ടിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ സ്വപ്നക്കൊപ്പം ബംഗളൂരുവിൽ പോയത് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനാണ്. സ്വപ്നക്കായി അഭിഭാഷകനെ ഏര്‍പ്പാടാക്കിയത് താനാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇന്നലെ വൈകീട്ടാണ് സന്ദീപ് മോചിതനായത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.ഐ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. കസ്റ്റംസ് ചുമത്തിയ കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.