തിരുവനന്തപുരം: ഇടവേളക്കുശേഷം സംസ്ഥാനത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ രഹസ്യമൊഴി നൽകുകയും പരസ്യമായി മാധ്യമങ്ങളോട് പറയുകയും ചെയ്ത സാഹചര്യത്തിൽ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്കും മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിനും വഴിവെച്ചിരിക്കുകയാണ്. തികച്ചും രാഷ്ട്രീയമായാണ് മുഖ്യമന്ത്രി ആരോപണങ്ങളെ പ്രതിരോധിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന സൂചനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണവും.
മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന പ്രസ്ഥാനങ്ങൾ രംഗത്തെത്തി. അതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ക്രമീകരണങ്ങൾ പൊലീസ് ശക്തമാക്കി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവും മുറുകാനാണ് സാധ്യത.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുവരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാടിളക്കിയുള്ള അന്വേഷണമാണ് കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), കസ്റ്റംസ്, എൻ.ഐ.എ എന്നിവയും നടത്തിവന്നത്.
വൻ ഭൂരിപക്ഷത്തോടെ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അന്വേഷണം ഏറക്കുറെ അവസാനിച്ച മട്ടിലായി.അതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലുകൾ സ്വപ്ന സുരേഷ് നേരത്തേ കേന്ദ്ര അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയാണ് അന്വേഷണം സ്തംഭിക്കാൻ കാരണമായി കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക കുറ്റകൃത്യത്തിൽ മറ്റുള്ളവരെല്ലാം സ്വതന്ത്രരായി നടക്കുകയും താൻ മാത്രം പ്രതിസ്ഥാനത്ത് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതും പ്രസക്തഭാഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയതും. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പ്രതികരണവും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.