ഓച്ചിറ: ദേശീയ പാതയിൽ ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസ്സിന് സമീപം തട്ടുകടയിലെത്തി കടയുടമയേയും മകനേയും കടയിൽ ചായകുടിക്കാനെത്തിയ യുവാവിന്റെയും സഹോദരിയുടേയും മുഖത്ത് കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊലീസ് പിടികൂടി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഓച്ചിറ മേമന തെക്ക് കറത്തോട്ടത്തിൽ തെക്കതിൽ സിജിത്ത് (ഇത്താക്കുലു -19), ചങ്ങൻകുളങ്ങര നന്ദനത്തു വീട്ടിൽ ആരോമൽ എന്നു വിളിക്കുന്ന അഭിജിത്ത് (22) എന്നിവരാണ് പിടിയിലായത്. വരവിള സ്വദേശി ഷൗക്കത്തിന്‍റെ ബജി കടയിൽ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ബൈക്കിൽ എത്തിയ സിജിത്തും ഒപ്പമുണ്ടായിരുന്ന അഭിജിത്തും കടയിൽ ചായകുടിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ ക്ലാപ്പന സ്വദേശി അഞ്ജലി (20), സഹോദരൻ അനുരാജ് (28) എന്നിവരെ തുറിച്ചു നോക്കി. എന്താണ് നോക്കുന്നത്, അറിയുമോയെന്ന് അനുരാജ് ചോദിച്ചത് ഇഷ്‌ടപ്പെടാത്ത പ്രതികൾ കൈയ്യിൽ കരുതിയിരുന്ന കുരുമുളക് പൊടി ഇരുവരുടേയും മുഖത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. ഇതിനെ എതിർത്ത കടയുടമ ഷൗക്കത്തിന്‍റെയും മകന്‍റെയും മുഖത്തും സ്പ്രേ ചെയ്തശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു.
ഒളിച്ചുകഴിയുകയായിരുന്ന സിജിത്തിനെ കരുനാഗപ്പള്ളി പറയകടവിൽനിന്നും കരുനാഗപ്പള്ളി എസ്.എച്ച്.ഒ ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് റെയ്ഡിനിടയിലും അഭിജിത്തിനെ ചവറയിലെ ബാറിൽ നിന്നുമാണ് പിടികൂടിയത്.
കുരുമുളകുപൊടി സ്പ്രേ ചെയ്ത സംഭവത്തിനു ശേഷം സിജിത്ത് ഓച്ചിറ മേമന തെക്ക് മൂലാണിക്കൽ വീട്ടിൽ അക്രമം നടത്തിയിരുന്നു. യുവാക്കൾ രണ്ടു പേരും മയക്ക്മരുന്നിന് അടിമകളാണ്.
ഓച്ചിറ സി. ഐ. പി. വിനോദ്, എസ്. ഐ.മാരായ നിയാസ്, ഷെറീഫ്, സ്ക്വാഡ് അംഗങ്ങളായ രഞ്ചിത്ത്, കനീഷ്, സുകുമാരൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
ഫോട്ടോ: സിജിത്ത് (b) അഭിജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.