ആർ.ബി.ഐ ചുമത്തിയ പിഴ കേരള ബാങ്ക് രൂപവത്കരണത്തിന് മുമ്പുള്ള ന്യൂനതയെന്ന് ഗോപി കോട്ടമുറിക്കൽ

കോഴിക്കോട് : കേരള ബാങ്ക് രൂപവത്കരണത്തിന് മുൻപ് (2019 മാർച്ച് 31) സാമ്പത്തിക വർഷത്തെ പരിശോധനയിൽ സംസ്ഥാന സഹകരണ ബാങ്കിൽ നബാർഡ് കണ്ടെത്തിയ ന്യൂനതയുടെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ യുടെ ഇപ്പോഴത്തെ നടപടിയെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. 2019 നവംമ്പർ 29 നാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ചേർന്ന് കേരള ബാങ്ക് രൂപവത്കരിച്ചത്.

ആർ.ബി.ഐയുടെ നിയമ പ്രകാരം സഹകരണ ബാങ്കുകൾ അവരുടെ കരുതലും മൂലധനവും ചേർന്ന സ്വന്തം ഫണ്ടിന്റെ രണ്ട് ശതമാനം മാത്രമേ മറ്റു സഹകരണ സ്ഥാപനങ്ങളിൽ ഷെയർ ഇനത്തിൽ നിക്ഷേപിക്കാൻ അനുവാദമുള്ളൂ. ഇഫ്‌കോ, പരിയാരം മെഡിക്കൽ കോളജ്, മംഗല്യസൂത്ര സഹകരണ സംഘം തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിൽ ഷെയർ ക്യാപിറ്റൽ ഇനത്തിൽ നിക്ഷേപിക്കുന്നതിലുള്ള നിയന്ത്രണം പാലിക്കാതിരുന്നതും രണ്ട് ലക്ഷത്തിനു മേൽ നൽകുന്ന സ്വർണപണയ വായ്പകളിൽ മുതലിലും, പലിശയിലും പ്രതിമാസ തിരിച്ചടവ് നടത്താതിരുന്നതുമാണ് ഇപ്പോൾ കേരള ബാങ്കിന് പിഴചുമത്തുന്നതിന് ആധാരമായത്.

ആർ.ബി.ഐ നിയമ പ്രകാരം ബുള്ളറ്റ് പേയ്മെന്റ് ആയി (പലിശയും മുതലും ഒരുമിച്ച് അടയ്ക്കുന്ന രീതി) തിരിച്ചടയ്ക്കാവുന്ന സ്വർണപണയ വായ്പാ തുക രണ്ട് ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിന് മുകളിൽ നൽകുന്ന സ്വർണപണയ വായ്പകൾക്ക് പ്രതിമാസം മുതലും പലിശയും തിരിച്ചടക്കണം എന്നാണ് ആർ.ബി.ഐ നിഷ്കർഷിക്കുന്നത്. ഈ മാർഗരേഖ പാലിക്കാത്തതിന് കൂടിയാണ് പിഴ ഈടാക്കിയിരിക്കുന്നത്. കേരള ബാങ്ക് രൂപവത്കരണത്തിനു ശേഷം ഈ ന്യൂനത പൂർണമായും പരിഹരിച്ചിട്ടുണ്ട്.

ഇഫ്‌കോ, പരിയാരം മെഡിക്കൽ കോളജ്, മംഗല്യസൂത്ര സഹകരണ സംഘം തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ ഷെയർ തിരികെ ലഭിക്കുന്നതിനായി കേരള ബാങ്ക് രൂപവത്കരണത്തിന് ശേഷം നിരന്തരം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും നാളിതുവരെ ഈ സംഘങ്ങൾ ഇതിന്മേൽ നടപടി സ്വീകരിക്കാത്തതാണ് കേരള ബാങ്കിന് ദോഷകരമായി വന്നതെന്നും ഗോപി കോട്ടമുറിക്കൽ അറിയിച്ചു. 

Tags:    
News Summary - Gopi Kotamurikal said that the penalty imposed by RBI was a shortcoming before the formation of Kerala Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.