കോഴിക്കോട്: വെറുപ്പ് വിതച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും അതുവഴി കലാപത്തിന് വഴി തുറക്കാനുമുള്ള ഒരു കൂട്ടം ദുഷ്ടമനസ്സുകളുടെ നീക്കത്തിനെതിരെ കേസെടുത്ത് നിയമനടപടികളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാർ രാജ്യത്തിനു തന്നെ മാതൃകയാണെന്നും ഈ നടപടി ലോകസമൂഹത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് വാനോളമുയർത്തുമെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
കളമശ്ശേരിയിലെ സ്ഫോടന പശ്ചാത്തലം മുതലെടുത്ത് ഒരു ജനവിഭാഗത്തിനെതിരെ കല്ല് വെച്ച നുണകൾ പ്രചരിപ്പിക്കാനും മതദ്വേഷം വളർത്താനും അത്യാവേശം കാണിച്ച കേന്ദ്രമന്ത്രിപദവിയിലിരിക്കുന്ന രാജീവ് ചന്ദ്രശേഖരൻ എന്ന മീഡിയ മുതലാളിക്കെതിരെ പോലും കേസ് റജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ കാണിച്ച ആർജവത്തെ പ്രതിപക്ഷം പോലും ശ്ലാഘിക്കുന്നുണ്ട്.
വെറുപ്പും വിദ്വേഷവും വിറ്റ് ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെ രാഷ്ട്രീയം മറന്ന് ഒന്നിക്കാനുള്ള സർവകക്ഷി യോഗത്തിെൻറ തീരുമാനമാണ് ഇതിനു പ്രചോദനം. കേരളത്തെ ഉത്തരേന്ത്യൻ വർഗീയ വാദികൾക്ക് ഒറ്റികൊടുക്കാനും മലയാളികളുടെ പാരസ്പര്യത്തിന്റെ സംസ്കാരത്തെ തള്ളിപ്പറയാനും യാതൊരു മടിയും കാട്ടാത്ത അനിൽ ആൻറണിയെപോലുള്ള സംഘ്ദാസന്മാരെ തുറുങ്കിലടിക്കുകയേ നിവൃത്തിയുള്ളു. ഏത് മീഡിയയിൽക്കൂടിയായാലും ശരി വർഗീയതയും വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന മനുഷ്യപ്പിശാചുക്കളെ നാട് കടത്താൻ ഇടതുസർക്കാർ കാണിക്കുന്ന നിശ്ചയദാർഢ്യം കേരളത്തെ യഥാർഥ ദൈവത്തിെൻറ സ്വന്തം നാടാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.