മാധ്യമനിയന്ത്രണ നീക്കവുമായി വീണ്ടും സർക്കാർ


തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയിലൂടെ മാധ്യമനിയന്ത്രണ വ്യവസ്ഥകൾ നടപ്പാക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും. കടുത്ത വിമർശനം കാരണം മുമ്പ് പിൻവലിക്കേണ്ടിവന്ന നിയമഭേദഗതി വ്യവസ്ഥകളാണ് പുതിയ നിയമത്തിലുമുള്ളത്.

നിയമവകുപ്പ് തയാറാക്കിയ ബിൽ മന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകാരം നൽകിയാൽ ഡിസംബറിൽ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ കൊണ്ടുവരും.

സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ ഐ.പി.സി 292ാം വകുപ്പ് ഭേദഗതി ചെയ്ത് മാധ്യമനിയന്ത്രണ വ്യവസ്ഥകൾ നടപ്പാക്കാനാണ് ശ്രമം. ആരെയെങ്കിലും അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം സൃഷ്ടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകുമെന്ന ഭേദഗതി വ്യവസ്ഥ 292 എ എന്ന പുതിയ വകുപ്പായി കൂട്ടിച്ചേർക്കാനാണ് നിർദേശം. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ ഈ നിയമഭേദഗതി പരിധിയിൽ വരും. കുറ്റം ചെയ്താൽ രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ ആറുമാസം മുതൽ രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ ഇതേ ഭേദഗതി വ്യവസ്ഥകൾ ഓർഡിനൻസായി നേരത്തേയും സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ, ഏത് മാധ്യമവാർത്തകൾക്കെതിരെയും അത് ദുരുപയോഗിക്കാമെന്ന വിമർശനം ഉയർന്നതിനെതുടർന്ന് പിൻവലിക്കുകയായിരുന്നു. അന്ന് കൊണ്ടുവന്ന അതേ വ്യവസ്ഥകളാണ് വീണ്ടും പരിഗണിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വിലയിരുത്തി ഐ.ടി നിയമത്തിലെ 66 എ വകുപ്പും പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയതിനാൽ അത് മറികടക്കാനാണ് സർക്കാർ നീക്കം. 

Tags:    
News Summary - Government again with media control move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.