മലപ്പുറം: സംസ്ഥാനത്ത് കോവിഡ് മൂലം അനാഥരായ 111 കുട്ടികൾക്ക് സഹായത്തിന് അർഹത. 18 വയസ്സിന് താഴെയുള്ളവരുടെ മാതാപിതാക്കൾ രണ്ടുപേരും മരിക്കുകയോ ഒരാൾ നേരത്തേ മരിക്കുകയും കോവിഡ് മൂലം മറ്റൊരാൾ മരിക്കുകയോ ചെയ്താലാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സഹായം പ്രഖ്യാപിച്ചിരുന്നത്. വനിത ശിശു വികസന വകുപ്പ് മുഖേനയാണ് മൂന്നു പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ സഹായം വിതരണം ചെയ്യുന്നത്. ഒറ്റത്തവണ മൂന്നു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണം 18 വയസ്സ് പൂർത്തിയായാലാണ് ലഭിക്കുക.
എന്നാൽ, പലിശ ഓരോ വർഷവും കൈമാറും. 18 വയസ്സ് വരെ സഹായം ലഭിക്കുന്ന പദ്ധതിയിൽ എല്ലാ മാസവും 2000 രൂപ ലഭിക്കും. മൂന്നാമത്തെ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പഠനാവശ്യത്തിനുള്ള പണം അപേക്ഷക്ക് അനുസരിച്ച് ലഭിക്കും. കേന്ദ്ര സർക്കാറിന്‍റെ പദ്ധതി പ്രകാരം പി.എം കെയർ വഴി 10 ലക്ഷം രൂപയാണ് ജില്ല കലക്ടർ മുഖേന ഘട്ടംഘട്ടമായി അനുവദിക്കുന്നത്. കുട്ടിയുടെയും ജില്ല കലക്ടറുടെയും പേരിൽ പോസ്റ്റ് ഓഫിസിൽ അക്കൗണ്ട് ആരംഭിച്ചാലാണ് തുക ലഭിക്കുന്നത്. ഫെബ്രുവരി അവസാനവാരം വരെയുള്ള കണക്ക് പ്രകാരമാണ് 111 കുട്ടികൾക്ക് സഹായത്തിന് അർഹത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.