സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് കരിദിനം, ഒക്ടോബർ 11ന് കൂട്ട അവധി

തിരുവനന്തപുരം: ശമ്പളപരിഷ്കരണ വിഷയത്തിലെ ഉറപ്പുകൾ സർക്കാർ പാലിക്കാത്തതിലും ആവർത്തിച്ച് അവഗണിക്കുന്നതിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. രോഗീപരിചരണം തടസ്സപ്പെടാത്തവിധം ചൊവ്വാഴ്ച ഡോക്ടർമാർ കരിദിനം ആചരിക്കും. തിരുവനന്തപുരത്ത് ഡി.എച്ച്.എസ് ഓഫിസിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകളും ഡി.എം.ഒ ഓഫിസുകളും കേന്ദ്രീകരിച്ചും ഉച്ചക്ക് 2.30 മുതൽ നാലുവരെ പ്രതിഷേധ ധർണയും നടക്കും.

സർക്കാർ അവഗണ തുടരുന്ന പക്ഷം ഒക്ടോബർ 11ന് ഡോക്ടർമാർ കൂട്ട അവധിയെടുക്കാനും തീരുമാനിച്ചു. ജനുവരി 2021ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാനശമ്പളത്തിലടക്കം കുറവുവരുത്തി ആരോഗ്യവകുപ്പ് ഡോക്ടർമാരോട് അവഗണനയും അവഹേളനവും കാട്ടിയെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. ദീർഘനാൾ നീണ്ട നിൽപ്പുസമരവും സെക്രേട്ടറിയറ്റ് ധർണയും വാഹനപ്രചാരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 2022 ജനുവരി 15ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും തീരുമാനങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യപിക്കുകയും ചെയ്തു. എന്നാൽ, നടപടികൾ ഒന്നുമുണ്ടായില്ല.

തുടർന്ന് േമയ് ഒന്നിന് ആശുപത്രിക്ക് പുറത്തുള്ള ഡ്യൂട്ടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിന്നുകൊണ്ട് പ്രതിഷേധം പുനരാരംഭിച്ചു. എന്നാൽ, സർക്കാർ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ കാതലായ വിഷയങ്ങൾ ഒന്നും പരിഹരിക്കാതെയാണ് അപാകത പരിഹാര ഉത്തരവ് ഇറങ്ങിയതെന്നും ഇതിൽ അനുവദിക്കപ്പെട്ട പരിമിതമായ കാര്യങ്ങളിലാകട്ടെ വ്യക്തത ഉണ്ടായിട്ടുമില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകുന്നതെന്ന് പ്രസിഡന്‍റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ ടി.എൻ. സുരേഷ് എന്നിവർ അറിയിച്ചു.

നൽകിയ ഉറപ്പുകൾ പ്രധാനപ്പെട്ടത്

എൻട്രി കേഡറിലെ മെഡിക്കൽ ഓഫിസർമാർക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്സനൽ പേ അനുവദിക്കാത്തതും പരിശോധിച്ച് പരിഹരിക്കും.ഹയർ ഗ്രേഡ്, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം, റൂറൽ- ഡിഫിക്കൽറ്റ് റൂറൽ അലവൻസ് വർധിപ്പിക്കൽ എന്നിവ സംബന്ധിച്ച് ഉടൻ ഉത്തരവ് പുറപ്പെടുവിക്കും.

Tags:    
News Summary - Government doctors to strike; Today is Black Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.