തിരുവനന്തപുരം: സ്കൂളുകൾ തുറക്കാൻ സർക്കാറിന് അധ്യാപക - യുവജനസംഘടനകളുടെ പൂർണപിന്തുണ. 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസും യോഗത്തിൽ പങ്കെടുത്തു. സ്കൂളുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ യോഗം ചർച്ച ചെയ്തു.
ഒക്ടോബർ 20 മുതൽ 30 വരെ സ്കൂളുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയവ നടപ്പാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തിൽ ആകും ശുചീകരണ പ്രവർത്തനങ്ങൾ. ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളുകളും കേന്ദ്രീകരിക്കണം എന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കുട്ടികൾക്ക് ആവശ്യമായ മാസ്ക്, തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ എന്നിവ സ്കൂളുകളിൽ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഇതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ജനകീയ സമിതികളുടെ നേതൃത്വത്തിൽ നടത്തും. അധ്യാപകരും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും രണ്ടു ഡോസ് കോവിഡ് വാക്സിൻ നിർബന്ധമായും എടുത്തു എന്ന് ഉറപ്പു വരുത്തണം.
ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാർത്ഥി സംഘടനകളുടെ യോഗം. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയർമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് DDE, RDD, ADE എന്നിവരുടെ യോഗമുണ്ടാകും.
ഒക്ടോബർ 3 ഞായറാഴ്ച 11.30 ന് DEO മാരുടെയും AEO മാരുടെയും യോഗം നടക്കും. ഒക്ടോബർ അഞ്ചിന് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർക്കും. ഓൺലൈനിൽ ആകും യോഗം ചേരുക. യോഗത്തിന്റെ ലിങ്ക് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.