തിരുവനന്തപുരം: വാളയാർ കേസിൽ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ അമ്മക്ക് നീതി ലഭ്യമാവണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിന് ഉള്ളത്. പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സര്‍ക്കാറാണ് മുന്‍കയ്യെടുത്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെ വിട്ടയച്ചതിനെതിരെ 2019ല്‍ തന്നെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ഹരജികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാറിന്‍റെ ആവശ്യത്തിന്‍റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയത്.
വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ വീണ്ടും മറ്റൊരു ഏജന്‍സിയെ വച്ച് അന്വേഷണം സാധിക്കില്ല. എന്നാല്‍, വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാല്‍ പുനര്‍ വിചാരണ സാധിക്കും. ഇതിനാണ് പരിശ്രമിക്കുന്നത്
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാന്‍ കാലതാമസം ഉണ്ടാകും. ഇതൊഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അര്‍ജന്‍റ് എം.ഒ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കേസില്‍ വിചാരണ വേളയിലെ വീഴ്ച പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി.കെ. ഹനീഫയെ കമീഷനായി നിയമിച്ചു. റിപ്പോര്‍ട്ട് ലഭിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കമീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറേക്കൂടി കര്‍ശനമായ നടപടിയെടുക്കും. കുട്ടികളുടെ മാതാവ് സര്‍ക്കാറില്‍ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.