തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭ പാര്‍ട്ടി നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലും വിശ്വാസങ്ങളിലും ഇടപെടുന്ന സര്‍ക്കാര്‍ നിലപാടുകളെ മുസ്ലിം ലീഗ് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് അബദ്ധത്തില്പറ്റിയ തെറ്റാണെങ്കില്‍ തിരുത്തുകയാണ് വേണ്ടത്. ആരും ആവശ്യം ഉന്നയിക്കാത്ത സന്ദര്‍ഭത്തിലാണ് വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്നെടുക്കുന്ന നിയമം പാസാക്കുന്നത്. മറ്റ് സ്വയംഭരണ ബോര്‍ഡുകളിലൊന്നും ഇടപെടാത്ത സര്‍ക്കാറാണ് ഈ നിയമം പാസാക്കിയത്. നിയമസഭ പാസാക്കിയ നിയമം പിന്‍വലിക്കണമെങ്കില്‍ നിയമസഭയില്‍ തന്നെ മറ്റൊരു നിയമം കൊണ്ടുവരേണ്ടതുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, നിയമസഭയില്‍ ലീഗ് എം.എല്‍.എമാര്‍ ചോദിച്ച ചോദ്യത്തിന് മന്ത്രി അബ്ദുറഹിമാന് പറഞ്ഞത് നിയമം നടപ്പാക്കുമെന്നാണ്. ഇത് ആരുടെ നിലപാടാണെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിട്ടും അദ്ദേഹം ഉത്തരം പറഞ്ഞില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രഖ്യാപിച്ച സമരങ്ങളിൽനിന്ന് പാർട്ടി പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ. സലാം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച്. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി, നിയമസഭ പാർട്ടി സെക്രട്ടറി കെ.പി.എ. മജീദ്, ഉന്നതാധികാര സമിതി അംഗം വി.കെ. ഇബ്രാഹിം കുഞ്ഞ്, സംസ്ഥാന സെക്രട്ടറി ടി.എം. സലീം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: വഖഫ് ബോർഡ് സംരക്ഷണ പ്രക്ഷോഭം റമദാനുശേഷം കൂടുതൽ ശക്തിപ്പെടുത്താൻ മുസ്ലിംലീഗ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം. വഖഫ് ബോർഡിൽ പി.എസ്.സി നിയമനവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ സർക്കാർ പിന്മാറുന്നതുവരെ സമരം തുടരും. കെ- റെയിലിന്റെ പേരിൽ പൊലീസ് നടത്തുന്ന നരനായാട്ടിൽ യോഗം പ്രതിഷേധിച്ചു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് കാമ്പയിൻ റമദാൻ ഒന്ന് മുതൽ ഒരു മാസക്കാലയളവിൽ പൂർത്തിയാക്കും. 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' എന്ന പ്രമേയത്തിൽ പൂർണമായും ഓൺലൈനിലാണ് പ്രവർത്തന ഫണ്ട് ശേഖരണം.
പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന പര്യടനം നടത്തും. റമദാൻ മാസത്തിനുശേഷം മുഴുവൻ ജില്ലയിലും എത്തുന്ന അദ്ദേഹം പ്രവർത്തകരുമായി സംസാരിക്കും. വിവിധ സാമൂഹിക ഗ്രൂപ്പുകളുമായും ചർച്ച നടത്തും. വീടുകൾ സന്ദർശിച്ച് പാർട്ടി ഫണ്ടും റിലീഫ് ഫണ്ടും ശേഖരിക്കുന്നതിനും യോഗം തീരുമാനിച്ചു. സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി ഉന്നതാധികാര സമിതി യോഗം പ്രഖ്യാപിച്ചത് സംസ്ഥാന പ്രവർത്തക സമിതി ഐകകണ്ഠ്യേന അംഗീകരിച്ചു. യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.