തൃശൂർ: ‘സംഭവം നടന്നയുടനെ ആകെ പേടിച്ചുപോയി. സഹായത്തിനായി സമീപത്തെ വീടുകളിലെല്ലാം പോയി മുട്ടിവിളിച്ചു. അവരാരും വാതിൽ തുറന്നില്ല. കള്ളൻമാരാണെന്ന് കരുതി. പിന്നെ റോഡിൽ കിടന്ന് ഒച്ചയെടുത്ത് വിളിച്ചു. പിന്നെ ആംബുലൻസ് വന്നു. വണ്ടിയിൽ കയറ്റി കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയപ്പോൾ കൊച്ചിന് ജീവനുണ്ടായിരുന്നു. പിന്നെ...’; സംസാരം മുഴുമിപ്പിക്കാനാവാതെ രമേശ് പൊട്ടിക്കരഞ്ഞു.
ഭാര്യയും കുഞ്ഞുമായി, സംഘത്തിലുള്ള മറ്റുള്ളവരെ പോലെതന്നെ ഉറങ്ങാൻ കിടന്നതായിരുന്നു രമേശും. ‘ബിഗ് ഷോ’ എന്ന ലോറി മരണവുമായി പാഞ്ഞുവന്ന് തന്റെ കുഞ്ഞിനെയും കൊണ്ട് കടന്നുകളഞ്ഞത് ഈ യുവാവിന് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഭാര്യയും അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ കഴിയുകയാണ്. അടുത്തിടെ ആലപ്പുഴയിൽ കുറുവ സംഘം മോഷണപരമ്പര നടത്തിയ വാർത്തകൾ പ്രചരിച്ചതിനുശേഷം ഇവരെയും സംശയദൃഷ്ടിയോടെയായിരുന്നു സമീപവാസികൾ കണ്ടിരുന്നത്.
തൃപ്രയാറിലും പരിസരത്തുമായി തമ്പടിച്ചിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. പാലക്കാട് മുതലമടയിൽനിന്ന് ഇവിടെയെത്തി അല്ലറചില്ലറ തൊഴിലുകൾ ചെയ്ത് ജീവിക്കുകയായിരുന്നു സംഘം. എല്ലാവരും ബന്ധുക്കളുമാണ്. നഗരത്തിലെ കടകളിൽനിന്നും വീടുകളിൽനിന്നും പേപ്പറുകളും കാർഡ് ബോർഡുകളും ശേഖരിച്ച് വിൽക്കുന്ന ജോലിയാണ് സ്ത്രീകൾക്ക്. പുരുഷൻമാർ കൂലിപ്പണിക്കും മറ്റും പോകും. വൈകീട്ട് എല്ലാവരും ഒരുമിച്ചുകൂടി തുറസ്സായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.