ബാലുശ്ശേരി: കിനാലൂർ എയിംസിന്റെ കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ സംസ്ഥാന സർക്കാറും നിരാശരായി നാട്ടുകാരും. സംസ്ഥാനത്ത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കുന്നതിന് ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് പ്രഖ്യാപിക്കാതെയുള്ള കേന്ദ്ര അവഗണന തുടരുമ്പോഴും സംസ്ഥാന സർക്കാർ പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകുകയാണ്.
എയിംസ് പ്രഖ്യാപനമുണ്ടായില്ലെങ്കിലും തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചത് കിനാലൂരിൽ എയിംസ് സാധ്യതക്ക് പ്രതീക്ഷയേകുന്നതാണെങ്കിലും സ്വകാര്യ ഭൂമി വിട്ടുനൽകിയ കുടുംബങ്ങളും നാട്ടുകാരും നിരാശയിലാണ്.
കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 151 ഏക്കർ ഭൂമിയാണ് എയിംസിനായി ആരോഗ്യവകുപ്പിന് കൈമാറിയത്. ഭാവി വികസനവുംകൂടി കണക്കിലെടുത്ത് 40.68 ഹെക്ടർ സ്വകാര്യ ഭൂമികൂടി ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായിവരികയാണ്. സ്ഥലം കണ്ടെത്തി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ ശിപാർശ അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ലോക്സഭയിൽ അറിയിച്ചത്. പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യസുരക്ഷ യോജന പ്രകാരം 22 എയിംസുകൾ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു.
എയിംസിന്റെ കാര്യത്തിൽ കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പി നേതൃത്വവും രണ്ടുതട്ടിലാണ്. കാസർകോടിനും പാലക്കാടിനുമായാണ് വടംവലി നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഗതാഗതസൗകര്യവും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ കിനാലൂരിനെ പരിഗണിച്ചത്.
200 ഏക്കർ ഭൂമിയാണ് എയിംസിന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. 150 ഏക്കർ നേരത്തേതന്നെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. 100 ഏക്കർ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 40.68 ഹെക്ടർ ഏറ്റെടുക്കാനുള്ള ഉത്തരവ് ജൂണിൽ ഇറങ്ങിയിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങളായ സ്ഥലം ഏറ്റെടുക്കുമ്പോൾ 194 കുടുംബങ്ങളിലായി 803 വ്യക്തികളെയാണ് ബാധിക്കുക. 80ഓളം വീടുകൾ, ആരാധനാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയും ഉൾപ്പെടും. സ്ഥലമെടുപ്പ് തഹസിൽദാറുടെ നേതൃത്വത്തിൽ ഏറ്റെടുക്കൽ ഭൂമിയുടെ അതിരുകൾ അടയാളപ്പെടുത്തി കല്ലുകൾ നാട്ടിക്കഴിഞ്ഞു. ഏറ്റെടുക്കൽ ഉത്തരവ് ഇറങ്ങിയതിനാൽ ഭൂമി ക്രയവിക്രയം നടത്താനോ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സ്ഥലമുടമകൾ. ഏറ്റെടുക്കൽ വേഗത്തിലാക്കി നഷ്ടപരിഹാരം നൽകാനുള്ള നടപടി പെട്ടെന്ന് ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.